വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ചികിത്സാ പിഴവ് സംഭവിച്ചെന്ന പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍. അസോസിയേറ്റ് പ്രൊഫസര്‍ ഡോ ബിജോണ്‍ ജോണ്‍സണെയാണ് സസ്‌പെന്റ് ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ കുടുംബം പൊലീസിലും പരാതി നല്‍കിയിരുന്നു. കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ കുട്ടിയുടെ നാവിനായിരുന്നു ഓപ്പറേഷന്‍ നടത്തിയത്. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും വീണാ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാവിലെയാണ് കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യുന്നതിനായി ചെറുവണ്ണൂര്‍ മധുരബസാര്‍ സ്വദേശിനിയെ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ വായില്‍ പഞ്ഞി വച്ചിരുന്നു. കൈയിലെ വിരലും നീക്കം ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്ന് നഴ്‌സിനോട് കാര്യം തിരക്കിയപ്പോള്‍ ചിരിച്ചുകൊണ്ടായിരുന്നു നഴ്‌സിന്റെ മറുപടിയെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.

Read more

ബന്ധുക്കള്‍ പറയുമ്പോഴാണ് കുട്ടിയുടെ കൈയിലായിരുന്നു ശസ്ത്രക്രിയയെന്ന് ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയുന്നത്. അബദ്ധം പറ്റിപ്പോയെന്ന് പറഞ്ഞ ഡോക്ടര്‍ ഉടന്‍ മറ്റൊരു ശസ്ത്രക്രിയ നടത്തി കുട്ടിയുടെ ആറാം വിരല്‍ നീക്കം ചെയ്തിരുന്നു.