മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ 3 പ്രതികൾ കുറ്റക്കാരെന്ന് കോടതി. 1,2,6 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഷൈബിൻ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നീ മൂന്നു പേരൊണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അതേസമയം കേസിലെ മറ്റു പ്രതികളെ കോടതി വെറുതെ വിട്ടു. ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്ന അടക്കമുള്ളവരെയാണ് വെറുതെ വിട്ടത്.
മഞ്ചേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായും കോടതി പറഞ്ഞു. കേസിൽ ശിക്ഷ ഈ മാസം 22 ന് വിധിക്കും. മ്യതദേഹമോ ശരീര ഭാഗങ്ങളോ കണ്ടെത്താനാവാത്ത കേസിൽ സംസ്ഥാനത്തെ ആദ്യത്തെ ശിക്ഷയാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ 15 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവ്വം കൊലക്കേസ് ആണ് ഷാബ ഷെരീഫ് കേസ്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താൻ കഴിയാത്ത കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് നിർണായകമായത്.