'വാട്ട് ഡു ഐ ഹാവ് ടു ഡു ടുഡേ?'.. ഷഹറൂഖ് സെയ്ഫിയുടെ ഡയറിക്കുറിപ്പുകള്‍; അന്വേഷണം നോയിഡയിലേക്ക്

ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ തീവച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗ് കേന്ദ്രീകരിച്ച് അന്വേഷണം. യുപി സ്വദേശിയായ ഷഹറൂഖ് സെയ്ഫി എന്നയാളാണ് പ്രതിയെന്ന സൂചന ലഭിച്ചതോടെ റെയില്‍ പൊലീസ് നോയിഡയില്‍ എത്തി.

തീവ്രവാദ ബന്ധം സംശയിക്കുന്നതിനാല്‍ എന്‍ഐഎ സംഘവും അന്വേഷണം നടത്തും. പ്രതിയുടേതെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ബാഗിലെ നോട്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ‘ഷഹ്‌റുഖ് സെയ്ഫി കാര്‍പെന്റര്‍’ എന്ന പേര് നോട്ടില്‍ എഴുതിയിട്ടുണ്ട്.

സെയ്ഫി കാര്‍പെന്റര്‍ എന്ന പേരെഴുതി വച്ച പേജിന്റെ തൊട്ടടുത്ത പേജില്‍ ഇതിന്റെ ചുരുക്കരൂപമായ ‘എസ്എസ്സി’ എന്ന് ലോഗോ വരച്ചുണ്ടാക്കിയിട്ടുണ്ട്. നോയിഡയിലെയും ഇന്ദിര മാര്‍ക്കറ്റിലെയും ചില കണക്കുകളും എഴുതിയിട്ടുണ്ട്.

ബുക്കിലെ ഓരോ പേജും തുടങ്ങുന്നത് ‘വാട്ട് ഡു ഐ ഹാവ് ടു ഡു ടുഡേ?’ എന്നാണ്. ചുവന്ന ചട്ടയുള്ള 50 പേജ് നോട്ട് ബുക്കില്‍ നിറയെ ഡയറിക്കുറിപ്പുകളാണ്. തെറ്റില്ലാത്ത ഇംഗ്ലിഷിലാണ് ഓരോ ദിവസത്തെയും പ്രവൃത്തികള്‍ എഴുതിയിരിക്കുന്നത്.

‘ഫക്രുദീന്‍ കാര്‍പെന്റര്‍’ എന്നൊരു പേരും ‘കാഫിര്‍ കാര്‍പെന്റര്‍’ എന്നും എഴുതിയിട്ടുണ്ട്. ഒരു ദിവസം തനിക്ക് ലഭിച്ചത് 500 രൂപയെന്നും തന്റെ ചിലവ് 132 രൂപയെന്നും എഴുതിയിട്ടുണ്ട്. ബുക്കിനൊപ്പം ലഭിച്ച ചെറിയ നോട്ട്പാഡില്‍ ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി എന്നീ സ്ഥലപ്പേരുകളും എഴുതിയിട്ടുണ്ട്.

Read more

ബാഗില്‍ നിന്ന് കണ്ടെത്തിയ മറ്റുവസ്തുക്കള്‍ പെട്രോള്‍, പാന്റ്‌സ്, ടി ഷര്‍ട്ട്, ടിഫിന്‍ ബോക്സ്, ഇയര്‍ബഡ്, ചാര്‍ജര്‍, ശരീരത്തിന് ഉത്തേജകമായി ഉപയോഗിക്കുന്ന ആയുര്‍വേദ കമ്പനിയുടെ കുപ്പിമരുന്ന്, മൊബൈല്‍ ഫോണ്‍, മറ്റൊരു ഫോണിന്റെ കവര്‍, കണ്ണട, പെന്‍സില്‍ മൂര്‍ച്ചയാക്കുന്ന കട്ടര്‍ എന്നിവയാണ്.