ഷാറൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ട്രെയ്ന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. യുഎപിഎ ഉള്‍പ്പെടെ ചുമത്തിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനുളള സാദ്ധ്യതയില്ല. എന്‍ഐഎ ഇന്ന് തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി ഷാറൂഖിനെ ഏറ്റെടുക്കാനുളള നടപടികള്‍ ആരംഭിക്കും.

പൊലീസ് കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനാല്‍ ഷാറൂഖിനെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഷാറൂഖ് ഉളളത്. ഈ മാസം 20 വരെയാണ് റിമാന്‍ഡ് കാലാവധി. എലത്തൂര്‍ ട്രെയ്ന്‍ തീവെപ്പ് കേസില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ഇയാളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത സാഹചര്യത്തില്‍ ഇനി ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം എന്‍ഐഎ സംഘത്തിന് കേരളാ പൊലീസ് കൈമാറും. കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും എന്‍ ഐ എ പരിശോധിക്കുക. കേസ് ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിജ്ഞാപനം ഇറക്കിയതിന് പിന്നാലെയാണ് നടപടി. എന്‍ഐഎ കൊച്ചി യൂണിറ്റ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Read more

ഇത് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. യുഎപിഎ അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ വലിയ ദുരൂഹത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പ്രതി ഒറ്റയ്ക്കാണോ കൃത്യം നടത്തിയത് എന്നാണ് പ്രധാന ചോദ്യം. ഷഹീന്‍ബാഗ് മുതല്‍ കേരളം വരെ നീളുന്ന ഒട്ടേറെ കണ്ണികള്‍ ഇതിലുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജന്‍സി സംശയിക്കുന്നുണ്ട്.