'നിങ്ങളുടെ വീട്ടില്‍ നിന്ന് നിധി ലഭിക്കും, സ്വര്‍ണം മുഴുവന്‍ വീട്ടില്‍ നിന്ന് മാറ്റിയാല്‍'; പാലക്കാട് വീട്ടമ്മയില്‍ നിന്ന് സ്വര്‍ണം തട്ടിയ പ്രതി പിടിയില്‍

ആടും മാഞ്ചിയവും മണി ചെയിനും ഉള്‍പ്പെടെ തട്ടിപ്പിന്റെ എല്ലാ സാധ്യതകളും ചെലവാകുന്ന നാടാണ് കേരളം. അത്തരത്തിലൊരു വാര്‍ത്തയാണ് പാലക്കാട് നിന്ന് പുറത്തുവരുന്നത്. പാലക്കാട് നെല്ലായിലാണ് നിധി ലഭിക്കാന്‍ പോകുന്നുവെന്ന് വിശ്വസിച്ച് വീട്ടമ്മ തന്റെ കയ്യിലുള്ള സ്വര്‍ണം മുഴുവന്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അപരിചതന് നല്‍കിയത്.

സംഭവത്തില്‍ തെക്കുംകര സ്വദേശി റഫീഖ് മൗലവിയാണ് പൊലീസിന്റെ പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയോട് റഫീഖ് മൗലവി വീട്ടില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. നിധി പുറത്തെടുത്ത് തരാമെന്നും അതിനായി വീട്ടിലുള്ള സ്വര്‍ണം അവിടുന്ന് മാറ്റണമെന്നും അറിയിച്ചു.

സ്വര്‍ണം മാറ്റാന്‍ താന്‍ സഹായിക്കാമെന്നും അതിനായി അനുചരനെ അയയ്ക്കാമെന്നും റഫീഖ് അറിയിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ സ്വര്‍ണം മുഴുവന്‍ നല്‍കുകയായിരുന്നു. മാര്‍ച്ച് 10ന് ആയിരുന്നു വീട്ടമ്മ റഫീഖ് അയച്ച ആളിന്റെ കൈവശം സ്വര്‍ണം നല്‍കിയത്. തുടര്‍ന്ന് നിധി ലഭിക്കാതായതോടെ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.