'കോൺ​ഗ്രസ് നേതാക്കളെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും'; ട്രോളി ബാഗിൽ കള്ളപ്പണമെന്ന ആരോപണത്തിലുറച്ച് സിപിഎം

ട്രോളി ബാഗിൽ കള്ളപ്പണമെന്ന ആരോപണത്തിലുറച്ച് സിപിഎം. ട്രോളിയിൽ കള്ളപ്പണമാണെന്നും കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരുമെന്നും സിപിഎം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു.

വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അന്ന് കാര്യങ്ങൾ ഉന്നയിച്ചതെന്നും സുരേഷ് ബാബു പറഞ്ഞു. കൂടുതൽ അന്വേഷണം ആവശ്യപ്പെടണോ എന്ന് പാർട്ടി ആലോചിച്ച് തീരുമാനിക്കും. പൊലീസിൻ്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും പെട്ടി വിവാദം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയതിലും വീഴ്ചയില്ലെന്നും സുരേഷ് ബാബു പറഞ്ഞു.

അതേസമയം കോൺഗ്രസ് നേതാക്കളെ കുറുവ സംഘത്തെ ചോദ്യം ചെയ്യുംപോലെ ചോദ്യം ചെയ്യാനാകില്ലല്ലോ എന്നും സുരേഷ് ബാബു പരിഹസിച്ചു. ഷാഫി, ജ്യോതികുമാർ, ശ്രീകണ്ഠൻ എന്നിവരുടെ നീക്കങ്ങൾ സംശയകരമെന്നും ഇഎൻ സുരേഷ് ബാബു ചൂണ്ടിക്കാട്ടി.