നീതു വധക്കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍ ; സംഭവം നാളെ വിചാരണ തുടങ്ങാനിരിക്കെ

ഉദയംപേരൂര്‍ നീതുവധക്കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. ഉദയംപേരൂര്‍ മീന്‍കടവ് മുണ്ടശേരില്‍ ബിനുരാജാണ് (32) മരിച്ചത്.കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് പ്രതി തൂങ്ങിമരിച്ചത്. 2014 ഡിസംബര്‍ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉദയംപേരൂര്‍ ഫിഷര്‍മെന്‍ കോളനിക്കു സമീപം പള്ളിപ്പറമ്പില്‍ ബാബു -പുഷ്പ ദമ്പതികളുടെ വളര്‍ത്തുപുത്രിയായ നീതുവിനെ കാമുകനായ ബിനുരാജ് കൊലപ്പെടുത്തിയെന്നാണ് കേസ്.

നീതു പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബിനുരാജുമായി അടുപ്പത്തിലാകുന്നത്. എന്നാല്‍ വീട്ടുകാര്‍ വിലക്കി. തുടര്‍ന്ന് ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ ശ്രമിച്ചപ്പോള്‍ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷനില്‍ വച്ച് നീതുവിന് 18 വയസ് തികയുമ്പോള്‍ വിവാഹം നടത്താമെന്ന ധാരണയിലെത്തുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് വീട്ടില്‍ നില്‍ക്കാന്‍ വിസമ്മിതച്ച നീതു വനിതാ ഹോസ്റ്റലിലും ബന്ധുക്കളുടെ വീട്ടിലുമായിരുന്നു നിന്നിരുന്നത്.

എന്നാല്‍ പിന്നീട് ബിനുരാജിനോട് ഇഷ്ടക്കേട് തോന്നിയ നീതു പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായ ബിനുരാജ് ആരുമില്ലാത്ത സമയത്ത് നീതുവിനെ വീട്ടില്‍ കയറി വെട്ടുകത്തികൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. നിലവിളി കേട്ട് വീട്ടിലേക്ക് വന്ന അയല്‍വാസികളാണ് ബിനുരാജ് നീതുവിനെ വെട്ടുന്നത് കണ്ടത്. തുടരെയുള്ള വെട്ടില്‍ നീതുവിന്റെ കഴുത്ത് അറ്റുപോകാറായിരുന്നു. തുടര്‍ന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്.

പൂണിത്തുറ സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ ജീവനക്കാരായ ബാബുവിന്റെയും പുഷ്പയുടെയും ആദ്യപുത്രി മരിച്ചതിനെ തുടര്‍ന്ന് അനാഥാലയത്തില്‍ നിന്ന് ദത്തെടുത്തതാണ് നീതുവിനെ. ഇവര്‍ക്ക് നിബു, നോബി എന്നീ രണ്ട് ആണ്‍മക്കള്‍ കൂടി ഉണ്ട്.