അന്‍വര്‍ പുതിയതായി ഒന്നും പറഞ്ഞില്ല; പ്രതിപക്ഷത്തിന്റെ ആരോപണം ആവര്‍ത്തിക്കുക മാത്രമാത്രം ചെയ്യുന്നു; യുഡിഎഫ് രാഷ്ട്രീയ അഭയം നല്‍കില്ലെന്ന് എംഎം ഹസന്‍

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് യുഡിഎഫ് രാഷ്ട്രീയ അഭയം നല്‍കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. പി വി അന്‍വര്‍ പുതിയതായി ഒന്നും പറഞ്ഞില്ലെന്നും പ്രതിപക്ഷത്തിന്റെ ആരോപണം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നുവര്‍ഷം അന്‍വര്‍ എവിടെയായിരുന്നു? രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നു പറഞ്ഞ അന്‍വറിനു രാഹുലിന്റെ പേരിനൊപ്പം ഗാന്ധി എന്നത് ചേര്‍ത്തതിലായിരുന്നു വിഷമം. അങ്ങനെയുള്ള ആള്‍ വലിയ കോണ്‍ഗ്രസ് പാരമ്പര്യം അവകാശപ്പെട്ടിട്ട് എന്തുകാര്യമെന്നും ഹസ്സന്‍ ചോദിച്ചു.

അതേസമയം, പി.വി അന്‍വറിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മലപ്പുറത്തും, നിലമ്പൂരിലും, എടക്കരയിലും സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പി.വി അന്‍വറിനെതിരെ ബാനര്‍ ഉയര്‍ത്തിയും, ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രവാക്യവുമായിട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നിലമ്പൂരിലാകട്ടെ ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്ത് പുഴയില്‍ തള്ളും എന്ന മുദ്രാവാക്യമാണ് പ്രവര്‍ത്തകര്‍ വിളിച്ച് ചൊല്ലിയത്.

എടവണ്ണ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിലും അവിടെ പ്രകടനം നടന്നു. അതില്‍ പി.വി അന്‍വറിനോട് അടുത്ത ബന്ധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു. കൂടാതെ അന്‍വറിന്റെ പ്രസ്താവനയിലെ രാഷ്ട്രീയ വിശദീകരണവും നടത്തി. കോഴിക്കോട് ടൗണിലെ മുതലകുളത്ത് നിന്ന് പ്രതിഷേധ റാലിയും നടന്നു. എടവണ്ണയില്‍ കാര്യങ്ങള്‍ കൈവിട്ട പോകുമെന്ന രീതിയിലുള്ള കൊലവിളി മുദ്രവാക്യമാണ് ഉയര്‍ന്നത്.

നേതാക്കള്‍ക്കെതിരെ തിരിഞ്ഞാല്‍ കൈയും വെട്ടും കാലും വെട്ടുമെന്നും പ്രസ്ഥാനത്തിന് നേരെ വന്നാല്‍ തിരിച്ചടിക്കും കട്ടായമെന്നുമുള്ള കൊലവിളി നടത്തികൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. പൊന്നെ എന്ന് വിളിച്ച നാവു കൊണ്ട് പോടാ എന്നും വിളിക്കാന്‍ അറിയാം, കക്കാനും മുക്കാനും വണ്‍മാന്‍ഷോ നടത്താനും പാര്‍ട്ടിയെ ഉപയോഗിച്ചു, അത് നടക്കാതെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞുവെന്നും സിപിഎം പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ചു.

Read more

പി.വി അന്‍വര്‍ താമസിക്കുന്നത് എടവണ്ണയിലെ വസതിയിലാണ്. അത് കൊണ്ടാണ് ആ സ്ഥലത്ത് വെച്ച് ഭീഷണിയായ മുദ്രവാക്യങ്ങള്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ഇത്രയും നാള്‍ അന്‍വറിന്റെ കൂടെ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ തന്നെയാണ് അദ്ദേഹത്തിനെതിരെ ഭീഷണിയോടുള്ള മുദ്രവാക്യം ചൊല്ലിയിരിക്കുന്നത്. അതെ സമയം പാര്‍ട്ടി പ്രതിഷേധിക്കുമെങ്കിലും മുദ്രവാക്യം വിളിക്കുന്ന പ്രവര്‍ത്തകരുടെ മനസ് തന്റെ കൂടിയാണെന്നും പി.വി അന്‍വര്‍ പറഞ്ഞു.