കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് ഫീയെ ചൊല്ലി ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി. വിമാനത്താവളത്തിലെ ടോള്‍ ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദിനും സഹോദരനും നേരെയാണ് ആക്രമണമുണ്ടായതായി പരാതിയിലുള്ളത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഉംറ കഴിഞ്ഞ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ റാഫിദും ഉമ്മയും 30 മിനുട്ടിനുള്ളില്‍ ടോള്‍ പ്ലാസയ്ക്ക് പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഒരു മണിക്കൂറിന്റെ ചാര്‍ജ് ടോള്‍ പ്ലാസ ജീവനക്കാര്‍ റാഫിദിനോട് ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തതോടെ ജീവനക്കാര്‍ അസഭ്യം പറഞ്ഞതായി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് റാഫിദിനെയും സഹോദരനെയും കാറില്‍ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി മര്‍ദ്ദനം ആരംഭിച്ചു. കുടുംബം നോക്കി നില്‍ക്കേ റാഫിദനെയും സഹോദരനെയും ക്രൂര മര്‍ദ്ദനത്തിനിരയാക്കിയെന്നാണ് പരാതി. ഇതിന് പിന്നാലെ നല്‍കിയ പരാതിയില്‍ ഹിന്ദി സംസാരിക്കുന്ന ആറു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി റാഫിദ് പറയുന്നു.
Read more
റാഫിദിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ മുറിവുകളും പാടുകളും ഉണ്ട്. പരിക്കേറ്റ റാഫിദും സഹോദരനും കൊണ്ടോട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കരിപ്പൂര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.