സെക്രട്ടേറിയറ്റിലും തലസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെയും ഇ-ഫയലിംഗ് സ്‌തംഭനം രണ്ട് ദിവസമായി പരിഹരിക്കാനായില്ല. ഓഫീസുകളിൽ ഫയൽ നീക്കവും തപാലും സ്തംഭിച്ചു. അതേസമയം തകരാർ പരിഹരിക്കാനുള്ള ഐ ടി മിഷന്റെ ശ്രമം തുടരുകയാണ്. തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രശ്നപരിഹരിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ.
ഒന്നരമാസം മുമ്പാണ് ഇ-ഫയലിംഗ് സംവിധാനത്തിൽ പുനക്രമീകരണം കൊണ്ടുവരുന്നത്. ഇതിന് ശേഷം ഫയൽ നീക്കം മന്ദഗതിയിലായെന്ന് ഉദ്യോഗസ്ഥർക്ക് പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച രാവിലെ മുതൽ ഇ-ഓഫീസ് പൂർണമായും സ്തംഭിച്ചത്. ഇ-ഫയലുകൾ തുറക്കാൻ പോലും ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ഇ-ഫയലിംഗ് നടപ്പിലാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന നാഷണൽ ഇൻഫാമാറ്റിക് സെൻററിനെ വിവരമറിയിച്ചു.
രണ്ടു ദിവസമായിട്ടും എന്താണ് പ്രശനമെന്ന് കണ്ടെത്താൻ പോലും എൻഐസിക്ക് കഴിഞ്ഞിട്ടില്ല. പൂർണമായും ഈ ഫയലിലായതിനാൽ തുടർന്നുള്ള ഫയലെഴുത്തുകള്‍ കടലാസാക്കാനും കഴിയുന്നില്ല.പിൻഫയലുകളുടെ വിവരങ്ങള്‍ അറിയാൻ കഴിയാത്തതുകൊണ്ടാണ് തുടർ നീക്കവും തടസപ്പെടുന്നത്. അതേസമയം ദില്ലിയിൽ നിന്നും എൻഐസി വിദഗ്ദരെത്തിയാൽ മാത്രമേ പ്രശ്നം പരിഹരിക്കാനവൂയെന്നാണ് ഇപ്പോള്‍ ഐടി വകുപ്പ് പറയുന്നത്. ഉടൻ തന്നെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.