കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് സംസ്ഥാനത്തെത്തും. ആരോഗ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് സന്ദർശിക്കും. മന്ത്രിയോടൊപ്പം വിദഗ്ധരും അടങ്ങുന്ന സംഘവും കേരളത്തിലെത്തും. മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ ചേരുന്ന അവലോകന യോഗത്തിൽ കേന്ദ്ര മന്ത്രി പങ്കെടുക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ന് മുകളിലെത്തിയത് ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അതേസമയം ഒരാഴ്ച കൊണ്ട് 24 ലക്ഷത്തിലധികം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്
കോവിഡ് വ്യാപനം ശക്തമായി തുടരുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രമന്ത്രി സന്ദർശിക്കുന്നുണ്ട്. ആദ്യസന്ദർശനം കേരളത്തിലാണ്. ഇരുപതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്ത് മിക്ക ദിവസവും പ്രതിദിന രോഗികളുടെ എണ്ണം. രാജ്യത്ത് ചികിൽസയിൽ കഴിയുന്ന ആകെ രോഗികളുടെ പകുതിയും കേരളത്തിലാണ്. ടി.പി.ആർ 15ന് മുകളിലാണ് . രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനത്ത് എത്തുന്നത്. ഉച്ചക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ് , ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തും.
Read more
തുടർന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡ് ഓഫീസ് സന്ദർശിക്കുന്ന മാണ്ഡവ്യ, എച്ച്.എൽ.എല്ലിന്‍റെ പ്രവർത്തനം സംബന്ധിച്ച അവലോകന യോഗത്തിലും പങ്കെടുക്കും. ഓണത്തോട് അനുബന്ധിച്ച് കോവിഡ് കേസുകൾ കൂടാനാണ് സാദ്ധ്യത. അതേസമയം വാക്സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി ഒരാഴ്ചകൊണ്ട് 24 ലക്ഷം പേർക്കാണ് വാക്സിൻ നൽകിയത്. ഇന്നലെ മൂന്നേകാൽ ലക്ഷം പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ കൂടി സംസ്ഥാനത്തിന് ലഭിച്ചു.