ഐ.എന്‍.ടി.യു.സിയെ തളളിപ്പറഞ്ഞിട്ടില്ല, പ്രചാരണങ്ങള്‍ക്ക് പിന്നില്‍ കുത്തിത്തിരിപ്പ് സംഘങ്ങള്‍: വി.ഡി സതീശന്‍

ഐഎന്‍ടിയുസി കോണ്‍ഗ്രസ് പോഷകസംഘടനയല്ല എന്ന നിലപാട് തിരുത്തേണ്ട നിലയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു അവിഭാജ്യസംഘടനയാണ് ഐഎന്‍ടിയുസി. അവിഭാജ്യസംഘടനയും പോഷകസംഘടനയും രണ്ടാണ്.എന്നാല്‍ ഐഎന്‍ടിയുസിയെ തളളിപ്പറഞ്ഞിട്ടില്ല. കുത്തിത്തിരിപ്പ് സംഘങ്ങളാണ് നിലവില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ചങ്ങനാശേരിയിലെ പ്രകടനത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായി ചങ്ങനാശ്ശേരിയില്‍ നടന്ന ഐ.എന്‍.ടി.യു.സി പ്രകടനത്തെ തള്ളി സംഘടനാ സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസിനൊപ്പമാണ് ഐ.എന്‍.ടി.യു.സി. പ്രകടനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. പ്രകടനം നടത്തിയ നടപടി തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എ.ഐ.സി.സിയുടെയും സര്‍ക്കുലറില്‍ തന്നെ ഐ.എന്‍.ടി.യു.സിയുടെ സ്ഥാനം എവിടെയാണെന്ന് പറഞ്ഞിട്ടുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഒരു ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനും ഇത്തരത്തിലുള്ള പരസ്യ പ്രകടനത്തിനും പരസ്യ വിവാദങ്ങള്‍ക്കും പോകരുതെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. ഐ.എന്‍.ടി.യു.സി ജില്ലാ അധ്യക്ഷന്‍മാരുമായി ഇന്ന് തന്നെ ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Read more

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല എന്ന വി.ഡി സതീശന്റെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു പ്രതിഷേധം നടന്നത്.