കൊച്ചിയിലെ വെള്ളക്കെട്ട്; രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി

കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മലിനജലം ഓടകളിലൂടെ ഒഴുകി പോകുന്നില്ലെന്നും ഓടകള്‍ നിറഞ്ഞിട്ടുണ്ടെങ്കില്‍ ഉടന്‍ അത് വൃത്തിയാക്കണമെന്നും കോടതി പറഞ്ഞു. ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ വെള്ളക്കെട്ടിന് പരിഹാരമാകില്ലെന്നും അതിന് കൂട്ടായ ശ്രമം വേണമെന്നും കോടതി അറിയിച്ചു.

വെള്ളക്കെട്ടിന് കാരണം എന്താണെന്ന് കണ്ടെത്താന്‍ കോര്‍പ്പറേഷന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കൊച്ചി നഗരത്തില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. എറണാകുളം കാക്കനാട് ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയം റോഡ്, കെഎസ്ആര്‍ടിസി സ്റ്റാന്റ്, ഇടപ്പള്ളി സിഗ്നല്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും വെള്ളം ഇറങ്ങിയിട്ടില്ല.

ആലുവയില്‍ വീടുകളിലും കടകളിലും വെള്ളം കയറിയിട്ടുണ്ട്. കളമശ്ശേരി നഗരസഭയുടെ 25ാം വാര്‍ഡില്‍ 15ല്‍ അധികം വീടുകളില്‍ വെള്ളം കയറി. പുളിഞ്ചോട്ടില്‍ ദേശീയപാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരുന്നു.