'ഇന്ധനവില വര്‍ദ്ധനയ്ക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍, വിലക്കയറ്റം കേന്ദ്ര സൃഷ്ടി': എ വിജയരാഘവന്‍

ഇന്ധനവില വര്‍ദ്ധനയിലും, വിലക്കയറ്റത്തിലും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ഇന്ധനത്തില്‍ ചുമത്തുന്ന സ്‌പെഷ്യല്‍ എക്‌സൈസ് തീരുവ ഒഴിവാക്കണമെന്നും, അവശ്യ സാധനങ്ങളുടെ വില ഉയരാന്‍ കാരണം അനിയന്ത്രിത ഇന്ധനവില വര്‍ദ്ധനയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ധനവില വര്‍ദ്ധനവിനെതിരെ സിപിഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ ധര്‍ണ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

വിലക്കയറ്റത്തിന് കാരണം കേന്ദ്രമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് മേലുള്ള നികുതി സര്‍ക്കാര്‍ കൂട്ടുന്നില്ല. സംസ്ഥാനങ്ങളുടെ വരുമാനം കുറയ്ക്കാനാണ് ശ്രമം. ഉല്‍പന്നങ്ങള്‍ക്കും, നിര്‍മ്മാണ സാമഗ്രികള്‍ക്കും വില കൂട്ടി. സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്. പെട്രോളിനും ഡീസലിനും 32 ഉം 33 ഉം രൂപ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ അഞ്ചും പത്തും രൂപ മാത്രമാണ് കുറച്ചത്. ക്രൂഡോയില്‍ വില കൂടുമ്പോള്‍ ഇന്ധന വില കൂടുന്നുണ്ടെങ്കിലും വില കുറയുമ്പോള്‍ ഇന്ധന വില കുറയുന്നില്ല. കോര്‍പ്പറേറ്റുകള്‍ക്ക് ലാഭം കൊയ്യാനുള്ള അവസരമൊരുക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് പ്രഖ്യാപിക്കുന്നതിന് പകരം സാധാരണക്കാരുടെ വാങ്ങല്‍ശേഷി വര്‍ദ്ധിപ്പിക്കണം. എന്നാല്‍ മാത്രമേ രാജ്യത്ത് സാമ്പത്തിക പുരോഗതി ഉണ്ടാവുകയുള്ളു.

Read more

അതേസമയം കേന്ദ്രം ഇന്ധന വില കുറച്ചതുപോലെ കേരളവും നികുതി കുറക്കണമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിനെതിരായ സിപിഎമ്മിന്റെ സമരം.