വ്ളോഗർമാരായ സഹോദരന്മാർ എബിനെയും ലിബിനെയും അറസ്റ്റ് ചെയ്ത് വേട്ടയാടുന്നത് ക്രൂരതയാണെന്നും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ പിഴ ചുമത്തുകയാണ് ചെയ്യേണ്ടതെന്നും കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ.
വ്ളോഗർമാർക്ക് ഇന്ന് സെലിബ്രിറ്റികളെ പോലെ ആരാധകരുണ്ട്. അവരെ അറസ്റ്റ് ചെയ്താൽ സ്വാഭാവികമായും അവിടെ ജനക്കൂട്ടം ഉണ്ടാകും. അത് മനസ്സിലാക്കി പെരുമാറാൻ പൊലീസിന് കഴിയാതെ പോയെന്നും അവർ കുറ്റപ്പെടുത്തി.
ചെറുപ്പക്കാരുടെ സ്വപ്നങ്ങൾ തകർക്കുന്നവരായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റും പൊലീസും മാറരുത്. എബിനെയും ലിബിനെയും അവരുടെ വാഹനത്തെയും വിട്ടുനൽകാൻ പൊലീസും വാഹനവകുപ്പും തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
വാഹന വകുപ്പിൻ്റെ വേട്ട അവസാനിക്കുന്നില്ല…
വ്ലോഗ്ഗർമാരായ അനുജന്മാർ എബിനെയും ലിബിനെയും അറസ്റ്റ് ചെയ്ത് വേട്ടയാടുന്നത് ക്രൂരതയാണ്. നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ പിഴ ചുമത്തുകയാണ് ചെയ്യേണ്ടത്. ജീവിതം മുന്നോട്ട് നയിക്കാൻ ചെറുപ്പക്കാർ പുതിയ ജീവിതമാർഗ്ഗങ്ങൾ സ്വയം കണ്ടെത്തുകയാണ്. അവർ ആരെയും ഉപദ്രവിക്കാൻ വരുന്നില്ല, ആരെയും കൊള്ളയടിക്കാൻ വരുന്നില്ല, ഒരു തട്ടിപ്പിനും നേതൃത്വം നൽകുന്നില്ല.
സ്വകാര്യ വാഹനത്തിൽ മോഡിഫിക്കേഷൻ ചെയ്തിട്ടുണ്ടെങ്കിൽ ആദ്യം നോട്ടീസ് നൽകണം. അതിന് ശേഷമാണ് നടപടികൾ സ്വീകരിക്കേണ്ടത്. വ്ലോഗ്ഗർമാർക്ക് ഇന്ന് സെലിബ്രിറ്റികളെപോലെ ആരാധകരുണ്ട്. അവരെ അറസ്റ്റ് ചെയ്താൽ സ്വാഭാവികമായും അവിടെ ജനക്കൂട്ടം ഉണ്ടാകും. അത് മനസ്സിലാക്കി പെരുമാറാൻ പോലീസിന് കഴിയാതെ പോയി.
ഞാൻ മനസ്സിലാക്കിയത് വച്ച് ലോക രാജ്യങ്ങൾ സന്ദർശിക്കുന്നതിന് വേണ്ടിയാണ് ഇ ബുൾ ജെറ്റ് അവരുടെ വാഹനം പുതിയ രീതിയിൽ ഇറക്കിയിരിക്കുന്നത്. മുൻപും അവർ വാഹനം മോഡിഫിക്കേഷൻ ചെയ്തിരുന്നു. അപ്പോഴെല്ലാം അനുമതി വാങ്ങിയിരുന്നു എന്നാണ് അറിയുന്നത്. ഇത്തവണ വാഹനത്തിൻ്റെ പണികൾ പൂർത്തീകരിച്ച് ഇറക്കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. വാഹനം വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
അവർക്ക് അനുമതി വാങ്ങാനുള്ള സാവകാശം പോലും നൽകാതെ ഇത്ര തിടുക്കത്തിൽ അറസ്റ്റ് നാടകം നടത്തിയതിൻ്റെ പിന്നിലെ കാരണം പോലീസ് തന്നെ വ്യക്തമാക്കണം.
ചെറുപ്പക്കാരുടെ സ്വപ്നങ്ങൾ തകർക്കുന്നവരായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റും പോലീസും മാറരുത്.
എബിനെയും ലിബിനെയും അവരുടെ വാഹനത്തെയും വിട്ടുനൽകാൻ പോലീസും വാഹന വകുപ്പും തയ്യാറാകണം.