തൃശൂർ വടക്കാഞ്ചേരി അകമല ഉരുൾപൊട്ടൽ ഭീഷണിയിലെന്ന് റിപ്പോർട്ട്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നാലു വകുപ്പുകൾ ചേർന്ന് പ്രദേശത്ത് സംയുക്ത പരിശോധന നടത്തുകയായിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ ആളുകളോട് മാറി താമസിക്കാൻ നിർദ്ദേശം നൽകി. മണ്ണിനടിയിലൂടെ ഉറവുള്ളതിനാൽ അപകടസാധ്യത വളരെ കൂടുതലാണെന്നും പരിശോധനാ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്.
41 കുടുംബങ്ങളാണ് ഈ മേഖലയിലുള്ളത്. പ്രദേശത്തെ നൂറിലധികം കുടുംബങ്ങളോട് രണ്ടുമണിക്കൂറിനകം ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ബന്ധു വീടുകളിലേക്കോ മാറാൻ വടക്കാഞ്ചേരി നഗരസഭ നിർദേശിച്ചു. മൈനിങ് ആൻ്റ് ജിയോളജി, സോയിൽ കൺസർവേഷൻ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥരും റവന്യൂ സംഘവുമാണ് അകമലയിൽ പരിശോധന നടത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രദേശവാസികൾ മഴക്കാലം കഴിയുന്നത് വരെ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read more
മഴക്കാലം കഴിയുന്നത് വരെ ഏത് നിമിഷവും ഉരുൾപൊട്ടൽ ഉണ്ടാകാം. മണ്ണിന് ബലക്കുറവുണ്ട്. മണ്ണിനടിയിലൂടെ ഉറവുള്ളതിനാൽ അപകടസാധ്യത വളരെ കൂടുതലാണെന്നും ജിയോളജിസ്റ്റുകൾ നഗരസഭയെ അറിയിച്ചു. ജനങ്ങൾക്ക് മാറുന്നതിനാവശ്യമായ ക്യാമ്പുകൾ ഒരുക്കിയതായും നഗരസഭാ ചെയർമാൻ പറഞ്ഞു.