വയനാട് ഉരുള്‍പൊട്ടല്‍: അഞ്ച് കോടി ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്

വയനാടിനു ദുരിതാശ്വാസ സഹായമായി 5 കോടി രൂപ അടിയന്തരമായി അനുവദിച്ച് തമിഴ്‌നാട്. മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരന്‍, ജോണി ടോം വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ വയനാട്ടിലേക്കയക്കുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു.

സ്റ്റാലിന്റെ വാക്കുകള്‍

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തില്‍ തമിഴ്‌നാട് പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി ഞങ്ങള്‍ 5 കോടി രൂപ നല്‍കുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളെ സഹായിക്കാന്‍ അയക്കുന്നുണ്ട്.

ഇത് കൂടാതെ, ഞങ്ങള്‍ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘത്തെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ടീമിനെയും അയയ്ക്കുന്നുണ്ട്. ഞങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ഞാന്‍ ഫോണില്‍ സംസാരിച്ചു. നമ്മള്‍ ഒറ്റക്കെട്ടായി ഇത് തരണം ചെയ്യും.

മേപ്പാടി ചൂരല്‍മലയിലും മുണ്ടക്കൈ ടൗണിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ 63 ആയി. മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 35 മൃതദേഹങ്ങളും വിംസ് ആശുപത്രിയില്‍ 8 മൃതദേഹങ്ങളുമുണ്ട്. ചാലിയാറില്‍ ഒഴുകിയെത്തിയ 20 മൃതദേഹങ്ങളാണ് നിലമ്പൂരിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തിയത്. ഇവ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൈത്തിരി താലൂക്ക് ആശുപത്രിയിലും മലപ്പുറം ചുങ്കത്തറ ആശുപത്രിയിലും ഒരു മൃതദേഹം വീതവുമുണ്ട്. എഴുപതിലേറെപ്പേര്‍ വിവിധ ആശുപത്രിയിലായി ചികിത്സയിലാണ്.

Read more