ചാനല്‍ യുദ്ധം മുറുകി; ടിആര്‍പിയില്‍ മുന്നിലേക്ക് കുതിച്ച് റിപ്പോര്‍ട്ടര്‍ ടിവി; 24 ന്യൂസിലെയും കൈരളി ന്യൂസിന്റെയും കാഴ്ചക്കാരെ പിടിക്കുന്നു; ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്

മലയാളം ന്യൂസ് ചാനല്‍ യുദ്ധത്തില്‍ റാങ്ക് ഉയര്‍ത്തി റിപ്പോര്‍ട്ടര്‍ ടിവി. 32 ആഴ്ചയിലെ ന്യൂസ് ചാനല്‍ പ്രേക്ഷകരുടെ എണ്ണം അളക്കുന്ന ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റ് (ടിആര്‍പി) പുറത്തുവന്നപ്പോള്‍ രണ്ടു റാങ്കുകളാണ് റിപ്പോര്‍ട്ടര്‍ ടിവി ഉയര്‍ത്തിയത്. ടിആര്‍പിയില്‍ ഏഴാമത് കിടന്ന ചാനല്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.

ടിആര്‍പിയില്‍ ഒന്നാം സ്ഥാനമെന്ന കുത്തക ഏഷ്യാനെറ്റ് ന്യൂസ് ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. 117.25 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 31 ആഴ്ചയില്‍ 117.41 പോയിന്റായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന് ഉണ്ടായിരുന്നത്. പതിവ് പോലെ രണ്ടാം സ്ഥാനത്തുള്ളത് 24 ന്യൂസാണ്. എന്നാല്‍, കഴിഞ്ഞ ആഴ്ചത്തെ അത്ര മുന്നേറ്റം ചാനലിന് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. 95.05 പോയിന്റുമായാണ് 24 രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 31-ാം ആഴ്ചയില്‍ ടിആര്‍പിയില്‍ 98.14 പോയിന്റാണ് ചാനലിന് ലഭിച്ചിരുന്നത്.

മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന മനോരമയ്ക്കും വലിയ മുന്നേറ്റം ഈ ആഴ്ച ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 65.05 പോയിന്റുകളാണ് ടിആര്‍പിയില്‍ മനോരമയ്ക്ക് ലഭിച്ചത്. മാതൃഭൂമി ന്യൂസിന് ഇത്തവണയും ടിആര്‍പി റേറ്റിങ്ങില്‍ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാന്‍ സാധിച്ചിട്ടില്ല. 49.05 പോയിന്റുമായി മാതൃഭൂമി നാലാം സ്ഥാനത്താണുള്ളത്.

ഇക്കുറി കൈരളി ന്യൂസിനെ പിന്നിലേക്ക് അടിച്ച് അഞ്ചിലേക്ക് പുതിയ സാങ്കേതിക വിദ്യയോടെ സംപ്രേക്ഷണം ആരംഭിച്ച റിപ്പോര്‍ട്ടര്‍ ടിവിയാണ്. ഏഴാം സ്ഥാനത്തു നിന്നാണ് റിപ്പോര്‍ട്ടര്‍ ഇത്തരം ഒരു കുതിപ്പ് നടത്തിയിരിക്കുന്നത്. 21.46 പോയിന്റുകളാണ് റിപ്പോര്‍ട്ടര്‍ നേടിയിരിക്കുന്നത്. 31 ആഴ്ചയില്‍ വലിയ മുന്നേറ്റം ചാനലിന് ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. റേറ്റിങ്ങില്‍ 19.74 പോയിന്റ് നേടാന്‍ മാത്രമെ റിപ്പോര്‍ട്ടറിന് കഴിഞ്ഞുള്ളൂ.

29 ആഴ്ചയില്‍ റിപ്പോര്‍ട്ടര്‍ ടിവി 11.71 പോയിന്റും തുടര്‍ന്ന് 30 ആഴ്ചയില്‍ അത് 18.36 പോയിന്റായി ഉയര്‍ത്തുകയും ചെയ്തിരുന്നു.പതിവ് പോലെ ആറാം സ്ഥാനത്ത് സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ജനം ടിവിയാണ്. റിപ്പോര്‍ട്ടറിന്റെ മുന്നോട്ട് കയറ്റത്തിലും കൈരളിയുടെ പിന്നോട്ട് ഇറക്കവും ജനം ടിവിയെ ബാധിച്ചിട്ടില്ല. 21.03 പോയിന്റോടെയാണ് ജനം ടിവി ആറാം സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

ഏഴാം സ്ഥാനത്ത് സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസാണ്. 20.75 പോയിന്റുകള്‍ മാത്രം നേടാനെ ചാനലിന് സാധിച്ചിട്ടുള്ളൂ.എട്ടാം സ്ഥാനത്തുള്ള ന്യൂസ്18ന് 14.40 പോയിന്റുകള്‍ നേടാനെ സാധിച്ചിട്ടുള്ളൂ. പതിവ് പോയെ ഏറ്റവും പിന്നില്‍ രാജ് ന്യൂസ് മലയാളമാണ്. 0.36 പോയിന്റുകള്‍ മാത്രമാണ് ചാനലിന് നേടാന്‍ സാധിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി കൈരളി ന്യൂസ് ടിആര്‍പിയില്‍ നടത്തിയ മുന്നേറ്റം കഴിഞ്ഞ ആഴ്ച നടത്താന്‍ സാധിച്ചില്ല.

ടിആര്‍പിയില്‍ രണ്ടു സ്ഥാനങ്ങള്‍ ഉയര്‍ത്തിയ റിപ്പോര്‍ട്ടര്‍ ടിവി ഏറ്റവും ഭീഷണിയായിരിക്കുന്നത് 24 ന്യൂസിനും കൈരളി ന്യൂസിനുമാണ്. റിപ്പോര്‍ട്ടര്‍ ടിവിയുടെ വളര്‍ച്ച ഈ രണ്ടു ചാനലുകളെയാണ് പിന്നോട്ട് അടിക്കുന്നത്. റിപ്പോര്‍ട്ടര്‍ ഒരോ പോയിന്റ് ഉയര്‍ത്തുന്നത് ഈ രണ്ടു ചാനലുകളെ പിടിച്ചുകൊണ്ടാണെന്ന് ടിആര്‍പി റിപ്പോര്‍ട്ടറിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.