വെസ്റ്റ് നൈല്‍ പനി സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂരില്‍ ഒരാള്‍ മരിച്ചതിനു പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
ഡെങ്കി, സിക പോലെയുള്ള വൈറസാണ് വെസ്റ്റ് നൈലും. പടര്‍ന്നു പിടിക്കുന്ന രോഗമല്ലെങ്കിലും കൊതുകുകളുടെ ഉറവിടം നശിപ്പിച്ചാല്‍ രോഗവ്യാപനം ഒരു പരിധിവരെ തടയാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
മരണം സംഭവിച്ച രോഗിക്ക് രോഗം സ്ഥിരീകരിച്ചത് ഏറെ വൈകിയാണ്. കൂടുതല്‍ പേരിലേക്ക് വെസ്റ്റ് നൈല്‍ പനി പടരും എന്ന ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു.
കേരളത്തില്‍ കുറേയേറെ വര്‍ഷങ്ങളായി വെസ്റ്റ് നൈല്‍ ഫീവര്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തിലും കേരളത്തില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read more
പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ച് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെസ്റ്റ്‌നൈല്‍ ആണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാണഞ്ചേരി പഞ്ചായത്തില്‍ ഇന്ന് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്.