മുല്ലപ്പെരിയാർ ബേബി ഡാമിലെ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നല്‍കിയ വിഷയത്തിൽ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്. മരംമുറി ഉത്തരവ് മരവിപ്പിക്കാതെ റദ്ദാക്കാത്തത് എന്തു കൊണ്ടാണെന്നും ഉത്തരവ് റദ്ദാക്കാൻ എന്തു കൊണ്ടാണ് കേരളത്തിന് കൈവിറയ്ക്കുന്നതെന്നും പ്രതിപക്ഷം സഭയില്‍ ചോദിച്ചു. മരംമുറി വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
സംസ്ഥാന വൈൽഡ് ലൈഫ് ബോർഡിന്റെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ വനംമന്ത്രിയുമാണ്. ഇവർ അറിയാതെയാണ് ഉദ്യോഗസ്ഥൻ മരംമുറിക്ക് അനുമതി നൽകിയതെന്ന് പറഞ്ഞാൽ വിശ്വസിക്കുന്ന മണ്ടന്മാരല്ല കേരളത്തിലെ ജനങ്ങൾ. ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന വിഷയത്തിൽ അന്വേഷണം വേണമെന്നും വിഷയത്തിൽ മുഖ്യമന്ത്രിയും വനംമന്ത്രിയും നിയമസഭയിൽ വിശദീകരിക്കണം നൽകണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സഭയിൽ മറുപടി നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലതാമസം മാത്രമാണുള്ളത്, ആരുടെ മുമ്പിലും ഈ സര്‍ക്കാര്‍ മുട്ടുവിറച്ചു നില്‍ക്കില്ല, അങ്ങനൊരു ഗതികേട് സർക്കാരിനില്ലെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതിയില്ലാതെയാണ് മുല്ലപ്പെരിയാറിലെ മരം മുറിക്ക് ഉത്തരവിറക്കിയതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കില്ല. 23 മരങ്ങൾ മുറിക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. അതില്‍ 15 മരങ്ങൾ മുറിക്കാൻ ഉത്തരവിട്ടത് ഇന്നലെയാണ് ശ്രദ്ധയിൽപ്പെട്ടതെന്നും മന്ത്രി വിശദീകരിച്ചു. പുതിയ അണക്കെട്ട് വേണമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Read more
മരംമുറിക്കാൻ അനുമതി നൽകിയ നടപടി ഗുരുതര വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണിത്. സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ സാധിക്കുന്നില്ലെങ്കിൽ എന്തിനാണ് എ.കെ ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് തുടരുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.