എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

കേരള രാഷ്ട്രീയത്തില്‍ വന്‍ചര്‍ച്ചയായ എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് പിടിയിലായത്. വിദേശത്തായിരുന്ന സുഹൈല്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിലായത്. രണ്ടുവര്‍ഷം മുന്‍പാണ് എകെജി സെന്ററിനു നേർക്കു രാത്രിയിൽ സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം നടന്നത്. സുഹൈലാണ് പടക്കം എറിയാന്‍ നിര്‍ദേശം നല്‍കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപമുള്ള ഹാളിന്റെ ഗേറ്റിലൂടെ രാത്രി 11.25 ന് സ്ഫോടകവസ്തു അകത്തേക്ക് എറിയുകയായിരുന്നു. കുന്നുകുഴി ഭാഗത്തുനിന്നു ബൈക്കിലെത്തിയ ഒരാളാണു സ്ഫോടകവസ്തു എറിഞ്ഞതെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തി. ബൈക്ക് നിർത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗിൽ നിന്നു സ്ഫോടകവസ്തു എറിയുന്ന ദൃശ്യമാണു ലഭിച്ചത്. സ്ഫോടകവസ്തു എറിഞ്ഞതിനുശേഷം ഇവർ വേഗത്തിൽ ഓടിച്ചുപോവുകയും ചെയ്തു. എകെജി സെന്ററിന്റെ മുഖ്യഗേറ്റിൽ പൊലീസ് കാവൽ ഉണ്ടായിരുന്നുവെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പൊലീസ് സാമീപ്യമുണ്ടായിരുന്നില്ല.

Read more

ഉഗ്രശബ്ദത്തോടെയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്ന് ഓഫിസിലുണ്ടായിരുന്നവർ പറഞ്ഞു. ഹാളിന്റെ കരിങ്കൽഭിത്തിയിൽ സ്ഫോടകവസ്തു വന്നു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തി. സംഭവം നടക്കുമ്പോൾ മുതിർന്ന നേതാവ് പികെ ശ്രീമതി ഓഫിസിന് അകത്തുണ്ടായിരുന്നു.