ശശി തരൂരിന്റെ പരിപാടിയില്‍ നിന്ന് പിന്മാറിയ യൂത്ത് കോണ്‍ഗ്രസിന്റെ നടപടി പാര്‍ട്ടിക്ക് നാണക്കേടായെന്ന് എം.കെ രാഘവന്‍ എം.പി. സമ്മര്‍ദ്ദം മൂലമാണ് തരൂരിന്റെ പരിപാടിയില്‍ നിന്ന് പിന്മാറിയത് എന്നാണ് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചതെന്നും കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് തരൂര്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആശയത്തെ ഈ നടപടി കളങ്കപ്പെടുത്തുന്നതായി. നേതാക്കള്‍ പിന്മാറിയാലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തം ഉണ്ടാകും. എഐസിസി തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് കിട്ടിയ സ്വീകാര്യത പാര്‍ട്ടി പ്രയോജനപ്പെടുത്തണമെന്നും എം കെ രാഘവന്‍ പറഞ്ഞു.
ശശി തരൂരിന്റെ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി പൊളിക്കാനുളള നീക്കം കേരളത്തിലെ കോണ്‍ഗ്രസിനും യു ഡി എഫിനും രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുയരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്‍ ഈ നീക്കത്തിനെതിരെ പരസ്യമായി രംഗത്ത് വന്നതിനെ തുടര്‍ന്നാണ് മറ്റു നേതാക്കളും ഈ വിഷയത്തില്‍ മനസ് തുറക്കാന്‍ തുടങ്ങിയത്.
ഹൈക്കമാന്‍ഡിന്റെ ഭാഗമായ കെ സി വേണുഗോപാലാണ് തരൂരിന്റെ പരിപാടികളോട് ആരും സഹകരിക്കരുതെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വത്തിന് നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വെളിപ്പെടുത്തുന്നു. മുസ്ളീം ലീഗ് നേതൃത്വത്തെ കാണാനും, എന്‍ എസ് എസ് ന്റെ മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാനുമുളള തരൂരിന്റെ നീക്കാമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പരിഭ്രാന്തിയുണ്ടാക്കിയത്.
Read more
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തരൂരിനെതിരാണെന്നും തരൂരിനൊപ്പം ചേരുക എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരാവുക എന്നാണര്‍ത്ഥമെന്നും അതിന്റെ ഭവിഷ്യത്ത് ഭയങ്കരമായിരിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് തരൂര്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന സെമിനാറിന്റെ നടത്തിപ്പില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയത്. ഇതിന് പിന്നില്‍ കെ സി വേണുഗോപാലിന്റെ ഇടപെടെലായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്.