യൂടൂബർമാരാണെങ്കിലും നിയമലംഘനം അനുവദിക്കില്ല; മുഖം നോക്കാതെ നടപടിയെന്ന് ​ഗതാ​ഗത മന്ത്രി

മലയാളം വ്ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗത്ത് തെറ്റ് ഉണ്ടെങ്കിൽ തിരുത്തുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു.

യുട്യൂബർമാരാണെങ്കിലും നിയമലംഘനം അനുവദിക്കില്ലെന്നും നിയമം ലംഘിച്ചാൽ മുഖം നോക്കാതെ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് കണ്ണൂർ ആർടിഒ ഓഫീസിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചതിന് വ്ളോഗർമാരാ ഇ- ബുൾ ജെറ്റ് വ്ലോഗർമാരെ പൊലീസ് അറസ്റ്റ് ചെയ്തത്.

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂർ ആർ.ടി.ഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. തുടർനടപടികൾക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു.

ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെ സംഘർഷം ഉണ്ടായെന്നാണ് റിപ്പോർട്ട്. വാൻ ആ‍ർ.ടി.ഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവ‍ർ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി ചെറുപ്പക്കാർ ആർ.ടി.ഒ ഓഫീസിൽ എത്തി. തുടർന്നുണ്ടായ വാക്കുതർക്കമാണ് അറസ്റ്റിൽ കലാശിച്ചത്.

സംഭവത്തിന് പിന്നാലെ കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്ത് എത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. വാഹനത്തിൽ വരുത്തിയിരിക്കുന്ന അനധികൃത രൂപമാറ്റങ്ങൾക്ക് പിഴയായി 6400 രൂപയും മറ്റുള്ള വകുപ്പുകൾ ചേർത്ത് 42,000 രൂപയോളം പിഴയും മോട്ടോർ വാഹന വിഭാഗം ചുമത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

എന്നാൽ എം.വി.ഡിക്കെതിരെ തങ്ങൾ ഒന്നും സാസാരിച്ചിട്ടില്ലെന്നും തങ്ങളെ ചതിച്ചതാണെന്നും ഫെയ്സ്ബുക്ക് ലൈവിലൂടെയ ഇ ബുൾ ജെറ്റ് പറയുന്നു.

Read more