സൗജന്യ വൈദ്യുതി, ചൈനയിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കൽ അടക്കം 10 വാഗ്ദാനങ്ങള്‍; ഇത് 'കെജ്‌രിവാളിന്റെ ഗ്യാരണ്ടി'

ലോക്സഭാ തിരഞ്ഞെടുപ്പിലെ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പ്രചാരണ ആയുധമായ മോദിയുടെ ഗ്യാരണ്ടി’ക്ക് പകരം ഗ്യാരണ്ടിയുമായി അരവിന്ദ് കെജ്‌രിവാൾ. 24 മണിക്കൂർ സൗജന്യ വൈദ്യുതി അടക്കം 10 വാഗ്ദാനങ്ങളാണ് കെജ്‌രിവാൾ പുറത്തിറക്കിയ ഗ്യാരണ്ടിയിൽ പറഞ്ഞിരിക്കുന്നത്.

15 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കുമെന്ന് പറഞ്ഞത് നടന്നില്ല, മോദിയുടെ ഒരു ഗ്യാരണ്ടിയും നടന്നിട്ടില്ല, ഏത് ഗ്യാരണ്ടി വിശ്വാസത്തിലെടുക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കെജ്‌രിവാൾ പറഞ്ഞു. അടുത്ത വർഷം മോദി വിരമിക്കും എന്നും ആവർത്തിച്ച കെജ്‌രിവാൾ മോദി റിട്ടയർ ചെയ്താൽ ആര് ഗ്യാരണ്ടി നടപ്പാക്കുമെന്നും ചോദിച്ചു.

  1. വൈദ്യുതിയുടെ ഗ്യാരണ്ടി: രാജ്യത്തുടനീളം ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി 24 മണിക്കൂർ വൈദ്യുതി വിതരണം.
  2. വിദ്യാഭ്യാസത്തിൻ്റെ ഉറപ്പ്: എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസത്തിനുള്ള സംവിധാനം ഒരുക്കുമെന്നും സർക്കാർ സ്കൂളുകളെ സ്വകാര്യ സ്കൂളുകളേക്കാൾ മികച്ചതാക്കുമെന്നും വാഗ്ദാനം.
  3. ആരോഗ്യത്തിൻ്റെ ഉറപ്പ്: സ്വകാര്യ ആശുപത്രികൾക്ക് തുല്യമായി സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും ഒരുക്കുക.
  4. ചൈന കടന്നു കയറിയ ഭൂമി തിരിച്ചു പിടിക്കുമെന്ന ഗ്യാരണ്ടി: രാഷ്ട്ര സുരക്ഷ ഉറപ്പാക്കും, ചൈന കടന്നു കയറിയ ഇന്ത്യയുടെ ഭൂമി തിരിച്ചുപിടിക്കും, സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നല്‍കും
  5. അഗ്നിവീർ പദ്ധതി അവസാനിപ്പിക്കുമെന്ന ഗ്യാരണ്ടി: നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച അഗ്നിവീർ പദ്ധതി നിർത്തലാക്കും, നിലവിൽ പദ്ധതിയിൽ ചേർന്നവരെ സ്ഥിരപ്പെടുത്തും.
  6. എംഎസ്പിയുടെ ഗ്യാരണ്ടി: കർഷകർക്ക് താങ്ങ് വിലയ്ക്ക് നിയമസാധുത നൽകും.
  7. സംസ്ഥാന പദവി ഉറപ്പ്: ഡൽഹിക്ക് പൂർണ സംസ്ഥാന പദവി ഉറപ്പാക്കും.
  8. തൊഴിലുറപ്പ്: പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതി.
  9. അഴിമതിക്കെതിരെ ഗ്യാരണ്ടി: അഴിമതി കേസിൽ കൃത്യമായ അന്വേഷണം നടത്തി നടപടികളെടുക്കും. രാജ്യത്തെ അഴിമതിയിൽ നിന്ന് മോചിപ്പിക്കുമെന്ന് വാഗ്ദാനം.
  10. ജിഎസ്ടിയുടെ ഗ്യാരണ്ടി: ചരക്ക് സേവന നികുതി (ജിഎസ്ടി) ലളിതമാക്കാനുള്ള പദ്ധതികൾ.