ധാരാവിക്ക് പുതിയ മുഖം നല്‍കാന്‍ അദാനി ആദ്യഘട്ടം മുടക്കുന്നത് 12000 കോടി

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയുടെ മുഖം മിനുക്കാന്‍ അദാനി റിയല്‍റ്റേഴ്‌സ്് ഗ്രൂപ്പ് ആദ്യഘട്ടത്തില്‍ മുടക്കുന്നത് 12000 കോടി. ധാരാവിയുടെ നവീകരണത്തിനായി 23000 കോടിയുടെ പദ്ധതിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന് ചുമതലയാണ് അദാനി ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്.

ധാരാവി നവീകരണത്തിനായി ഒരു സെപ്ഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഇതില്‍ 80ശതമാനം പങ്കാളിത്തം അദാനി ഗ്രൂപ്പിനാണ്. 20 ശതമാനം പ്ങ്കാളിത്തം മഹാരാഷ്ട്രസര്‍ക്കാരിനുമാണ്. ഇതിന്‍ പ്രകാരം ആദ്യഘട്ട നവീകരണത്തിന് 12000 കോടി നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് തിരുമാനിച്ചു.

ഈ തുക കൂടുതലായും വിനിയോഗിക്കുക ധാരാവിയിലെ പഴയ കെട്ടിടങ്ങളിലും വീടുകളും താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനായിരിക്കും. ഇതിന് വേണ്ടി ദാദര്‍-മാതുംഗയ്ക്ക് സമീപമുള്ള 90 ഏക്കര്‍ റെയില്‍വേ ഭൂമിയിലും ധാരാവിക്ക് ചുറ്റുമുള്ള 6.91 ഹെക്ടര്‍ സ്ഥലത്തും ട്രാന്‍സിറ്റ് ടെന്‍മെന്റുകളുടെ അദാനി ഗ്രൂപ്പ് ആരംഭിക്കും. ധാരാവി നിവാസികളെ അവരുടെ വീടുകള്‍ പുനര്‍ നിര്‍മിക്കുന്നതിന് മുമ്പ് താമസത്തിനായി ഈ ട്രാന്‍സിറ്റ് ടെന്‍മെന്റുകളിലേക്ക് മാറ്റും.

അതിന് ശേഷമായിരിക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. ഏതാണ്ട് പത്ത് വര്‍ഷത്തിനുള്ളിലായിരിക്കും ധാരാവിയുടെ സമ്പൂര്‍ണ്ണ നവീകരണം പൂര്‍ത്തിയാവുക.