ആന്ധ്രയിലെ മരുന്നു നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; 17പേര്‍ മരിച്ചു, 41 പേര്‍ക്ക് പരിക്ക്; മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് അനകപ്പള്ളിയില്‍

ആന്ധ്രയിലെ മരുന്നു നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 17പേര്‍ മരിച്ചു, 41 പേര്‍ക്ക് പരുക്കേറ്റു. അനകപ്പള്ളിയിലെ എസെന്‍ഷ്യ കമ്പനിയുടെ 40 ഏക്കറോളം വരുന്ന പ്ലാന്റിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. രണ്ട് ഷിഫ്റ്റുകളിലായി 380 ജീവനക്കാരാണ് പ്ലാന്റില്‍ ജോലി ചെയ്യുന്നത്. ഉച്ചയ്ക്ക് 2.15 ഓടെ ഉച്ചഭക്ഷണ സമയത്തായിരുന്നു അപകടം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.

സ്‌ഫോടനം ഉണ്ടായ പ്രദേശം പ്രത്യേക സാമ്പത്തിക മേഖലയാണ്. സ്ഥലത്ത് കേന്ദ്രസേനയും പരിശോധന നടത്തി. കൂടാതെ ദേശീയ ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്തുണ്ട്. നിര്‍മാണശാലയ്ക്കുള്ളില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു. 200 കോടി രൂപ മുതല്‍മുടക്കില്‍ 2019 ഏപ്രിലിലാണ് മരുന്ന് നിര്‍മാണശാലയില്‍ ഉല്‍പാദനം ആരംഭിച്ചത്. ആന്ധ്രപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്റെ ക്യാംപസിലാണ് പ്ലാന്റ്. സ്‌ഫോടനത്തില്‍ പ്ലാന്റ് പൂര്‍ണമായും തകര്‍ന്നു.