ഡൽഹിയിലെ ലക്ഷ്മി നഗറിൽ നിന്നും പാക് ഭീകരനെ അറസ്റ്റ് ചെയ്തുകൊണ്ട് ഒരു വലിയ ഭീകരാക്രമണ പദ്ധതിയാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പൊളിച്ചത്. പിടികൂടിയ ഭീകരന്റെ കൈയിൽ നിന്ന് ഒരു എകെ 47 തോക്ക് ഉൾപ്പെടെയുള്ള മാരക വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു.
പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ മൊഹമ്മദ് അഷറഫ് ആണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. ഇന്ത്യൻ പൗരനെന്ന വ്യാജേനെയാണ് പ്രതി ഡൽഹിയിൽ താമസിച്ചിരുന്നത്. വ്യാജ രേഖകളിലൂടെ ഇന്ത്യൻ തിരിച്ചറിയൽ കാർഡുകൾ ഇയാൾ കരസ്ഥമാക്കിയതായും പൊലീസ് പറയുന്നു.
പൊലീസിന്റെ സ്പെഷ്യൽ സെൽ ഓപ്പറേഷന് പൊലീസ് കമ്മീഷണർ രാകേഷ് അസ്താനയാണ് നേതൃത്വം നൽകിയത്. “ഉത്സവ സീസണിന് മുന്നോടിയായി സ്പെഷ്യൽ സെൽ നടത്തിയ ഓപ്പറേഷനിൽ ഒരു വലിയ ഭീകരാക്രമണ പദ്ധതി ഞങ്ങളുടെ ടീം പരാജയപ്പെടുത്തി,” രാകേഷ് അസ്താന പറഞ്ഞു.
Read more
ഒരു എകെ 47 തോക്കും എക്സ്ട്രാ മാഗസിനും 60 റൗണ്ടുകളും, ഒരു ഹാൻഡ് ഗ്രനേഡും 50 റൗണ്ടുകളുള്ള രണ്ട് നൂതന പിസ്റ്റളുകളും മൊഹമ്മദ് അഷറഫിന്റെ കൈയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, സ്ഫോടകവസ്തു നിയമം, ആയുധ നിയമം, മറ്റ് വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തി. ലക്ഷ്മി നഗറിലെ രമേശ് പാർക്കിൽ ഇയാളുടെ ഇപ്പോഴത്തെ വിലാസത്തിലും പൊലീസ് തിരച്ചിൽ നടത്തി.