'മതം നിയമത്തേക്കാള്‍ വലുതല്ലെന്ന് മനസ്സിലാക്കണം'; പള്ളികളിലെ ഉച്ചഭാഷിണിക്കെതിരെ വീണ്ടും രാജ് താക്കറെ

മെയ് മൂന്നിനകം പള്ളികളില്‍നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന് ആവര്‍ത്തിച്ച് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന മേധാവി രാജ് താക്കറെ. പ്രാര്‍ത്ഥനകളെയല്ല ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും താക്കറെ പറഞ്ഞു. മതം നിയമത്തേക്കാള്‍ വലുതല്ലെന്ന് മുസ്‌ലിംകള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ഭീഷണി ഉയര്‍ത്തിയ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടനയെപ്പോലെ തങ്ങള്‍ക്കും തിരിച്ചടിക്കാന്‍ അറിയാമെന്നും എന്നാല്‍ ഞങ്ങള്‍ക്ക് സമാധാനമാണ് വേണ്ടതെന്നും താക്കറെ പറഞ്ഞു.

മെയ് മൂന്നിന് ശേഷം ഉച്ചഭാഷിണികള്‍ നീക്കം ചെയ്തില്ലെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വായിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിംകള്‍ നമസ്‌കരിക്കാന്‍ ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്ന സമയത്തെല്ലാം ഹനുമാന്‍ ചാലിസ വായിക്കുമെന്നും അദ്ദേഹം താക്കീത് ചെയ്തു.

രാഷ്ട്രീയ റാലികളിലും മതപരമായ ഘോഷയാത്രകളിലും ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അധികാരികളുടെ അനുമതി ആവശ്യമുള്ളതിനാല്‍ ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കാന്‍ പള്ളികള്‍ക്ക് അനുമതിയുണ്ടോയെന്നും താക്കറെ ചോദിച്ചു. ഇത് മതപരമായ പ്രശ്‌നമല്ലെന്നും സാമൂഹിക പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.