പൊതു മിനിമം പ്രോഗ്രാമിനൊപ്പം സഹകരിക്കാൻ തയ്യാറുള്ള സംസ്ഥാനത്തെ ഏത് രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തങ്ങളുടെ പാർട്ടി തയ്യാറാണെന്ന് ജനനായക് ജനത പാർട്ടി (ജെജെപി) നേതാവ് ദുഷ്യന്ത് ചൗതാല പറഞ്ഞു.
ഹരിയാനയിലെ യുവാക്കൾക്ക് ജോലികളിൽ 75 % സംവരണം, വാർദ്ധക്യ പെൻഷൻ വർദ്ധന എന്നിവ പാർട്ടിയുടെ അജണ്ടയിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“ഹരിയാനയിലെ യുവാക്കൾക്ക് ജോലികളിൽ 75 % സംവരണം, വാർദ്ധക്യ പെൻഷൻ വർദ്ധന എന്നിവ പാർട്ടിയുടെ പ്രധാന അജണ്ടകളാണ്. ഒരു പൊതു മിനിമം പ്രോഗ്രാം വെച്ച് ഏത് രാഷ്ട്രീയ പാർട്ടി ഇതിനോട് യോജിക്കുന്നുവോ അവരുമായി സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ തയ്യാറാണ്, ” പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് മീറ്റിംഗിന് ശേഷം ഡൽഹിയിൽ ഒരു പത്രസമ്മേളനത്തിൽ ചൗതാല പറഞ്ഞു.
സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിലും യുവാക്കൾക്ക് അവരുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിലും തന്റെ പാർട്ടിക്ക് “പോസിറ്റീവ്” മനോഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് സുസ്ഥിരമായ സർക്കാരിനായുള്ള പ്രധാന താക്കോൽ ജെജെപിയുടെ പക്കൽ ഉണ്ടെന്ന് മുൻ ഹിസാർ ലോക്സഭാ എംപി പറഞ്ഞു. ഏഴ് സ്വതന്ത്രരുടെയും ഒരു ഹരിയാന ലോഖിത് പാർട്ടി എംഎൽഎ ഗോപാൽ കന്ദയുടെയും പിന്തുണയോടെ ബിജെപി ഇതിനകം ഭൂരിപക്ഷത്തെ മറി കടന്നതിനാൽ സംസ്ഥാനത്ത് തന്റെ പാർട്ടിയുടെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളെ കാണാതെ ഇക്കാര്യത്തിൽ നേരത്തെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ചൗതാല പറഞ്ഞു. സംസ്ഥാനത്ത് പാർട്ടികൾക്കൊന്നും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്നും രണ്ട് പാർട്ടികളിൽ ഏതെങ്കിലമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിന് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് നിർദ്ദേശങ്ങളുണ്ടെന്നും ചൗതാല പറഞ്ഞു.
Read more
ജെജെപി, ബിജെപിക്കും കോൺഗ്രസിനുമെതിരെ പോരാടിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ലഭിച്ച വിജയം ബിജെപിക്കെതിരെ മാത്രമുള്ളതാണെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജെജെപി നേടിയ 15% വോട്ടുകളിൽ ഭൂരിഭാഗവും യുവ വോട്ടർമാരിൽ നിന്നാണെന്ന് ചൗതാല പറഞ്ഞു.