സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്ന് ഇഡി 8.8 കോടി രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. മാര്‍ട്ടിനുമായി ബന്ധപ്പെട്ട 20 സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയിരുന്നു. ഫരീദാബാദ്, ലുധിയാന, കൊല്‍ക്കത്ത, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

കോയമ്പത്തൂരിലെ വീട്ടിലും ഓഫീസിലും മരുമകനും വൈസ് ജനറല്‍ സെക്രട്ടറിയുമായ ആധവ് അര്‍ജുനയുടെ ചെന്നൈയിലെ വീട്ടിലും റെയിഡുകള്‍ നടന്നു. ഇലക്ടറല്‍ ബോണ്ടുകളിലൂടെ രാഷ്ട്രീയകക്ഷികള്‍ക്ക് 1,300 കോടി രൂപയോളം സംഭാവനയായി നല്‍കിയ വ്യക്തിയാണ് സാന്റിയാഗോ മാര്‍ട്ടിന്‍.

മാര്‍ട്ടിനും കുടുംബത്തിനും എതിരെയുള്ള അനധികൃത പണമിടപാട് കേസ് അവസാനിപ്പിച്ച കീഴ്കോടതി ഉത്തരവ് അടുത്തിടെ മദ്രാസ് ഹൈകോടതി റദ്ദാക്കുകയും കേസ് തുടരാന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്നാണ് ഇഡി വ്യാപക റെയ്ഡുകള്‍ നടത്തിയത്. സാന്റിയാഗോ മാര്‍ട്ടിനെതിരേയുള്ള കള്ളപ്പണ ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

നേരത്തെ സാന്റിയാഗോ മാര്‍ട്ടിനെതിരേയുള്ള നടപടികള്‍ക്ക് മദ്രാസ് ഹൈക്കോടതി അടുത്തിടെ അനുമതി നല്‍കിയിരുന്നു. സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കോയമ്പത്തൂര്‍ ആസ്ഥാനമായ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വിസസ് 1,368 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയിരുന്നു. മാര്‍ട്ടിനുമായി ബന്ധപ്പെട്ട 457 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടെടുക്കുകയും ചെയ്തിരുന്നു.

Read more

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25ന് മാര്‍ട്ടിന്റെ മരുമകന്‍ ആദവ് അര്‍ജുന്റെ ഓഫിസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ജൂണില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ 173 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചിരുന്നു. തമിഴ്‌നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ലോട്ടറി വില്‍പന നിരോധിച്ചിട്ടുണ്ടെങ്കിലും സിക്കിം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമവിധേയമായി ലോട്ടറി വില്‍പന അനുവദിച്ചിട്ടുണ്ട്. മാര്‍ട്ടിനാണ് ഈ ലോട്ടറി വില്‍പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.