എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു; 28കാരനായ ബന്ധു അറസ്റ്റില്‍ , കുട്ടിയുടെ നില ഗുരുതരം

എട്ടുമാസം പ്രായമുള്ള കുഞ്ഞിന് നേരെ ലൈംഗികാത്രിക്രമം. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷകുര്‍ ബസ്തിയില്‍ ഞായറാഴ്ചയാണ് കുഞ്ഞിനന് നേരെ ആക്രമണമുണ്ടായത്. സ്വകാര്യ ഭാഗങ്ങളില്‍ പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കേസില്‍ 28കാരനായ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സമീപത്തെ വീടുകളില്‍ ജോലി ചെയ്യുന്ന മാതാപിതാക്കള്‍ കുട്ടിയെ ബന്ധുവായ സ്ത്രീയുടെ വീട്ടിലാക്കിയാണ് ജോലിക്ക് പോയിരുന്നത്. ഞായറാഴ്ച വൈകിട്ട് ജോലിക്കുപോയ മാതാവ് തിരിച്ചെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. അവര്‍ മറ്റുള്ളവരെ വിവരമറിയിച്ചശേഷം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാതാപിതാക്കള്‍ പോയി കുറച്ചുകഴിഞ്ഞ് പ്രതി സ്ഥലത്തെത്തുകയും കുട്ടിയെ കളിക്കാനെന്ന വ്യാജേന എടുത്തുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി അബോധാവസ്ഥയിലായതോടെ പ്രതി പേടിച്ചു സ്ഥലം വിടുകയായിരുന്നു. ആശുപ്രതി അധികൃതരാണു കുട്ടി പീഡനത്തിനിരയായ വിവരം പൊലീസില്‍ അറിയിച്ചത്. ഉടന്‍ തന്നെ അന്വേഷണമാരംഭിച്ച പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. യുവാവിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.