പൊതിച്ചോറില്‍ അച്ചാറില്ല: ഹോട്ടല്‍ ഉടമയ്ക്ക് 35,000 രൂപ പിഴ!

പൊതിച്ചോറില്‍ അച്ചാറില്ലെന്ന ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമക്ക് 35,250 രൂപ പിഴ ചുമത്തി. തമിഴ്‌നാട് വില്ലുപുരത്തെ ഹോട്ടല്‍ ഉടമക്കാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മീഷന്‍ പിഴ ചുമത്തിയത്. 45 ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ പ്രതിമാസം 9 ശതമാനം പലിശ സഹിതം പിഴ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

രണ്ട് വര്‍ഷം മുമ്പത്തെ സംഭവത്തിലാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മീഷന്റെ നടപടി. അന്ന് ആരോഗ്യസ്വാമി എന്ന ഉപഭോക്താവ് വില്ലുപുരം ബസ് സ്റ്റേഷന് എതിര്‍വശത്തുള്ള പാലമുരുകന്‍ എന്ന റെസ്റ്റോറന്റില്‍ ഹോട്ടലില്‍നിന്ന് 2000 രൂപക്ക് 25 പാഴ്‌സല്‍ ഊണ്‍ വാങ്ങി.

80 രൂപക്ക് ചോറ്, സാമ്പാര്‍, കറിവേപ്പില, രസം, മോര്, വട, അച്ചാര്‍ ഉള്‍പ്പടെ 11 ഇനം വിഭവങ്ങള്‍ ഉള്‍പ്പെടെയെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, കഴിക്കാനായി പൊതി തുറന്നപ്പോള്‍ പാഴ്‌സലില്‍ അച്ചാര്‍ ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ഇദ്ദേഹം ഹോട്ടലിലെത്തി കാര്യം അന്വേഷിച്ചു. പാഴ്സല്‍ പൊതിയില്‍ നിന്ന് അച്ചാര്‍ ഒഴിവാക്കിയെന്നായിരുന്നു ഹോട്ടലുടമയുടെ വിശദീകരണം.

എന്നാല്‍ ഒരു രൂപവിലയുള്ള അച്ചാര്‍ പാക്കറ്റുകള്‍ വെച്ചില്ലെന്നും ഇതുപ്രകാരം 25 രൂപ തനിക്ക് തിരിച്ചു തരണമെന്നും ആരോഗ്യ സ്വാമി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ഹോട്ടലുടമ തയ്യാറായില്ല. പിന്നാലെയാണ് ആരോഗ്യസ്വാമി വില്ലുപുരം ജില്ലാ ഉപഭോക്തൃ പരാതി സമിതിക്ക് പരാതി നല്‍കിയത്.

അച്ചാര്‍ നല്‍കാത്തത് ഹോട്ടലിന്റെ സേവനത്തിലെ പോരായ്മയാണെന്ന് കേസ് പരിഗണിച്ച ചെയര്‍മാന്‍ സതീഷ് കുമാര്‍, അംഗങ്ങളായ മീരാമൊയ്തീന്‍, അമല തുടങ്ങിയവര്‍ നിരീക്ഷിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ ഹോട്ടലുടമക്ക് 45 ദിവസത്തെ സമയം അനുവദിച്ചു. ഈ ദിവസത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ പ്രതിമാസം 9ശതമാനം പലിശ നിരക്കില്‍ അധിക പിഴ ഈടാക്കും

Read more