നാല് വയസുകാരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവം; പ്രിന്‍സിപ്പല്‍ ഒളിവില്‍

ബംഗളൂരുവിലെ ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ നാല് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തിന് ശേഷം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒളിവില്‍. മലയാളി പെണ്‍കുട്ടി ജിയന്ന ആന്‍ ജിറ്റോയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ചെല്ലകെരെയിലുള്ള ഡല്‍ഹി പബ്ലിക് സ്‌കൂളിലെ പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ജിയന്ന.

ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം നടന്നത്. കുട്ടി കളിക്കുന്നതിനിടെ വീണ് പരിക്കേറ്റുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ ആദ്യം മാതാപിതാക്കളെ അറിയിച്ചത്. എന്നാല്‍ പിന്നീട് കുട്ടി സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെ വീണ് പരിക്കേറ്റെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കുട്ടിയ്ക്ക് അപകടം സംഭവിച്ചതില്‍ ദുരൂഹത തുടരുന്നു.

കുട്ടിയ്ക്ക് കൃത്യ സമയത്ത് ആവശ്യമായ ചികിത്സ നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. കുട്ടിയുടെ വീട്ടുകാരാണ് ബംഗളൂരുവിലെ ആസ്റ്റര്‍ സിഎംഎ ആശുപത്രിയിലേക്ക് ജിയന്നയെ മാറ്റിയത്. എന്നാല്‍ അപ്പോഴേക്കും കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു.

കുഞ്ഞ് ഒറ്റയ്ക്ക് എങ്ങനെ രണ്ടാം നിലയില്‍ എത്തിയെന്നും അവിടെ നിന്ന് താഴേക്ക് വീണത് എങ്ങനെയെന്ന കാര്യത്തിലും വ്യക്തത ഉണ്ടായിട്ടില്ല. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പല ദൃശ്യങ്ങളും ലഭ്യമല്ലെന്നും മാതാപിതാക്കള്‍ പറയുന്നു. സംഭവത്തിന് പിന്നാലെ മലയാളിയായ പ്രിന്‍സിപ്പല്‍ തോമസ് ചെറിയാന്‍ ഒളിവിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.