ഇൻസുലിൻ നിരസിച്ച് കെജ്‌രിവാളിനെ സാവധാനം മരണത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമെന്ന് എഎപി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആം ആദ്മി പാർട്ടി. ഇൻസുലിൻ നൽകാതെ കെജ്‌രിവാളിനെ മന്ദഗതിയിലുള്ള മരണത്തിലേക്ക് തള്ളിവിടാനുള്ള ഗൂഢാലോചന ജയിലിൽ നടന്നതായി മുതിർന്ന എഎപി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് സൗരഭ് ഭരദ്വാജ് ആരോപണം ഉന്നയിച്ചത്.

പ്രമേഹവും രക്തത്തിലെ ഏറ്റക്കുറച്ചിലും കാരണം ഇൻസുലിൻ നൽകാൻ തിഹാർ ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും വീഡിയോ കോൺഫറൻസിംഗിലൂടെ ദിവസവും 15 മിനിറ്റ് ഡോക്ടറെ സമീപിക്കാൻ അനുവദിക്കണമെന്നും അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ ആവശ്യം അധികൃതർ നിരസിച്ചു. തുടർന്നാണ് കെജ്‌രിവാൾ കോടതിയെ സമീപിച്ചത്.

ഇന്നലെ കേസ് പരിഗണിച്ച കോടതി ഹർജി തിങ്കളാഴ്ച വിധിപറയാൻ മാറ്റി. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ബോധപൂർവം വർദ്ധിപ്പിക്കാൻ മാമ്പഴവും ആലു-പൂരിയും പഞ്ചസാരയും കഴിച്ചെന്നാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ആരോപണം. എന്നാൽ ഈ ആരോപണം കെജ്‌രിവാൾ തള്ളിയിരുന്നു.

കെജ്‌രിവാളിൻ്റെ സാവധാനത്തിലുള്ള മരണത്തിനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പൂർണ്ണ ഉത്തരവാദിത്തത്തോടെ ഞാൻ പറയാൻ ആഗ്രഹിക്കുന്നുവെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലുള്ള രോഗി മരുന്ന് കഴിക്കാതിരുന്നാൽ അവയവങ്ങൾക്ക് തകരാർ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെജ്‌രിവാളിൻ്റെ കാര്യത്തിൽ ഇത് സംഭവിക്കാമെന്നും ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ ആർക്കും ലിവറോ കിഡ്‌നിയോ ക്രമീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

500ലധികം മൊഹല്ല ക്ലിനിക്കുകൾ നൽകി ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകിയ അതേ വ്യക്തിക്ക് തിഹാർ ജയിൽ അധികൃതർ ഇൻസുലിൻ നിഷേധിക്കുകയാണെന്ന് സൗരഭ് ഭരദ്വാജ് ആരോപിച്ചു. ഷുഗർ രോഗിക്ക് ഇൻസുലിൻ നൽകാൻ വിമുഖത കാണിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ജയിൽ ഭരണകൂടത്തെ വിശ്വസിക്കാമോ ഞാൻ ജനങ്ങളോട് ഞാൻ ചോദിക്കുന്നു എന്നും ജയിൽ ഭരണകൂടത്തിനും ഡോക്ടർമാർക്കും പകരം മരുന്നിനായി ഒരു മുഖ്യമന്ത്രിക്ക് കോടതിയെ സമീപിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണെന്നും സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി.