കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ഗുജറാത്തില്‍ പാഴ്‌സല്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാവും മകളും കൊല്ലപ്പെട്ടു. ഗുജറാത്ത് വദാലിയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ജിത്തുഭായ് മകള്‍ ഭൂമിക എന്നിവരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ജിത്തുഭായിയുടെ ഭാര്യയുടെ മുന്‍ കാമുകന്‍ അയച്ച പാഴ്‌സല്‍ ബോംബ് പൊട്ടിത്തെറിച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്.

ജിത്തുഭായ് സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു. പന്ത്രണ്ട് വയസുകാരിയായ മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വച്ച് മരിച്ചു. കൊല്ലപ്പെട്ട ജിത്തുഭായിയുടെ ഒന്‍പതും പത്തും വയസുള്ള രണ്ട് പെണ്‍മക്കള്‍ക്ക് കൂടി സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടന സമയം ജിത്തുവിന്റെ ഭാര്യ വീടിന് പുറത്തായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബോംബ് പാഴ്‌സല്‍ അയച്ച ജയന്തി ഭായ് ബാലു സിംഗ് പിടിയിലായിട്ടുണ്ട്. ഓട്ടോറിക്ഷയില്‍ പാഴ്‌സലായി ബോംബ് കൊല്ലപ്പെട്ട ജിത്തുവിന്റെ വീട്ടിലേക്ക് അയക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നാണ് പൊലീസിന് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്.

Read more

തന്റെ കാമുകിയെ ജിത്തു വിവാഹം ചെയ്തതിലുള്ള വിരോധത്തിലാണ് ജയന്തി ഭായ് പാഴ്‌സല്‍ ബോംബിലൂടെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.