ഡല്‍ഹി തിരഞ്ഞെടുപ്പില്‍ 'ഇന്ത്യ' സഖ്യമില്ല; നിയമസഭയിലേക്ക് ഒറ്റയ്ക്ക് മത്സരിക്കും; കോണ്‍ഗ്രസിനെ തള്ളി ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ‘ഇന്ത്യ’ സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും എഎപി നേതാവ് ഗോപാല്‍ റായ് വ്യക്തമാക്കി. ഇന്ത്യാ സഖ്യം രൂപീകരിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമാണ്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായും എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു ഗോപാല്‍ റായ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിക്ക് എല്ലാവിധ പിന്തുണയും നല്‍കിയിരുന്നെന്നും ഗോപാല്‍ റായ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമാണ് ഇന്ത്യാ മുന്നണി രൂപീകരിച്ചത്. നിരവധി പാര്‍ട്ടികള്‍ ഒന്നിച്ച് പോരാടി. എഎപിയും അതില്‍ ഭാഗമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ഒറ്റയ്ക്കു മത്സരിക്കും. സഖ്യത്തിനില്ല. ഏകാധിപത്യത്തിന് എതിരെയായിരുന്നു ജനവിധി.

ഏറ്റവും മോശം സാഹചര്യത്തിലാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ പോരാടിയത്. ഞങ്ങളുടെ പ്രധാനപ്പെട്ട നേതാക്കന്മാരെല്ലാം ജയിലിലാണ് ഗോപാല്‍ റായ് പറഞ്ഞു. ഇന്ത്യ സഖ്യം എഎപി വിട്ടതോടെ ഡല്‍ഹിയില്‍ ത്രികോണ മത്സരമായിരിക്കും നടക്കുക. ബിജെപിക്കെതിരെ കോണ്‍ഗ്രസും എഎപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതോടെ മത്സരം കടുത്തതായിരിക്കും.