അസമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസം മുന്‍പ് അസമിലെ ഗുവഹാത്തിയിലാണ് ഓടയില്‍ വീണ കുഞ്ഞിനെ കാണാതായത്. തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി തുടര്‍ന്ന തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം പിതാവ് ഹീരാലാലിനൊപ്പം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു എട്ട് വയസുകാരന്‍ അഭിനാഷിനെ ഓടയില്‍ വീണ് കാണാതാകുന്നത്. പിതാവിനൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. വെള്ളം നിറഞ്ഞുകിടന്ന ഓടയിലേക്കായിരുന്നു കുട്ടി വീണത്.
അഭിനാഷ് കൈ ഉയര്‍ത്തിയിരിക്കുന്നത് കണ്ട് ഹീരാലാലും ഓടയിലേക്ക് ചാടിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കൈയില്‍ ഒരു ഇരുമ്പ് ദണ്ഡുമായി ഓടയിലെ മണ്ണും ചെളിയും നീക്കി മകനെ തിരയുന്ന ഹീരാലാലിന്റെ ദൃശ്യങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ആദ്യഘട്ടത്തില്‍ ഹീരാലാല്‍ മാത്രമാണ് കുട്ടിയ്ക്കായി തിരച്ചില്‍ നടത്തിയത്.
പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയ ഹീരാലാല്‍ രാത്രി കടവരാന്തയില്‍ കഴിച്ചുകൂട്ടിയതും ദേശീയ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുകയായിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കുട്ടിയെ കാണാതായ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിവിധ ഏജന്‍സികളെ സംയോജിപ്പിച്ചുകൊണ്ട് അന്വേഷണം തുടര്‍ന്നു. പൊലീസ് നായയും മണ്ണുമാന്തി യന്ത്രവും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. തുടര്‍ന്ന് രാജ്ഗഢ് പ്രദേശത്ത് നിന്ന് നാല് കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.