ആധാറിന്റെ ഭരണഘടനാ സാധുത; സുപ്രീം കോടതിയില്‍ ഇന്ന് വാദം തുടങ്ങും

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ ഇന്ന് വാദം തുടങ്ങും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍.

സ്വകാര്യത മൗലിക അവകാശമാണെന്ന ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിലാണ് ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യപ്പെടുന്നത്. 500 രൂപ നല്‍കി വെബ്‌സൈറ്റില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്ന് ഇംഗ്ലീഷ് ദിനപത്രമായ ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത് ഏറെ വിവാദങ്ങള്‍ക്കിടം നല്‍കിയിരുന്നു. അതിനാല്‍ ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വവും ഹര്‍ജിക്കാര്‍ ഉന്നയിക്കും. ആധാര്‍ സ്വകാര്യതയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാരുടെ വാദം കൂടുതല്‍ ശക്തമാകും.

രാജ്യ സുരക്ഷയ്ക്കായുള്ള ആധാര്‍ മൗലിക അവകാശലംഘനമാവില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ആധാറിന് സുരക്ഷിതത്വമുണ്ടെന്ന വാദവും കേന്ദ്രം വീണ്ടും ഉന്നയിക്കും. എന്നാല്‍ ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് കേന്ദ്രത്തിന്റെ വാദങ്ങളെ തള്ളിക്കളയാനിടയുണ്ടെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം. അതേസമയം, വിവിധ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിക്കൊണ്ട് സുപ്രിം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.