മാരത്തണിന് എബിവിപിയുടെ കൊടിയുമായി അക്ഷയ്കുമാര്‍ ; ട്രോള്‍ പെരുമഴയില്‍ മുങ്ങി 'പാഡ്മാന്‍'

ഡല്‍ഹി യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച വനിതാ മാരത്തണില്‍ എബിവിപിയുടെ കൊടിയുമായി നടന്‍ അക്ഷയ്കുമാര്‍. പുതിയ സിനിമയായ പാഡ്മാനിന്റെ പ്രമോഷന്‍ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച മാരത്തണിലാണ് എബിവിപിയുടെ കൊടിയുമായി ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അക്ഷയ് പ്രത്യക്ഷപ്പെട്ടത്.

സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശമുയര്‍ത്തുന്ന മാരത്തണ്‍ ഉദ്ഘാടനം ചെയ്‌തെന്ന അടിക്കുറിപ്പുമായി അക്ഷയ് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ട്രോള്‍ പെരുമഴയാണ്. ട്വിറ്ററിലൂടെയാണ് അക്ഷയ് ചിത്രം പങ്കുവച്ചത്.

സിനിമയുടെ പ്രമോഷനുവേണ്ടിയാണോ അതോ ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ പ്രചാരണത്തിന് വേണ്ടിയാണോ അക്ഷയ് എത്തിയതെന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം. അക്ഷയുടെ ബിജെപി അനുഭാവമാണ് സംഭവത്തിലൂടെ വ്യക്തമായതെന്ന അഭിപ്രായമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കെ പ്രത്യക്ഷപ്പെടുന്നത്. തൊട്ട് മുന്‍പത്തെ സിനിമയായ ടോയ്‌ലറ്റ്; ഏക് പ്രേം കഥയില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പരിപാടിയെ അനുകൂലിച്ചിരുന്നു.

സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറയാന്‍ എബിവിപിയുടെ വേദിയല്ലാതെ മറ്റൊന്നും കിട്ടിയില്ലേ എന്ന ചോദ്യമുയര്‍ത്തുന്നുണ്ട് ചിലര്‍. ഇന്ത്യയിലെ ക്യാംപസുകളില്‍ സ്ത്രീകളുടെ സ്വതന്ത്ര കാഴ്ചപ്പാടുകള്‍ക്ക് എതിരെ നില്‍ക്കുന്ന നിലപാടാണ് എബിവിപിയുടേതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു കനേഡിയന്‍ കലാകാരന്‍ കാനഡയില്‍ സവര്‍ണ രാഷ്ട്രീയം പറയുകയും ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഒരു സംഘടനയുടെ കൊടിയുയര്‍ത്തി പിടിച്ചാല്‍ എങ്ങനെയുണ്ടാകുമെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. അക്ഷയുടെ സിനിമകള്‍ ഇനിയും കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും ചോദ്യമുയരുന്നു.

ഗ്രാമത്തിലെ സ്ത്രീകള്‍ക്കായി ഏറ്റവും ചുരുങ്ങിയ ചിലവില്‍ സാനിറ്ററി നാപ്കിനുകള്‍ നിര്‍മിച്ച തമിഴ്‌നാടുകാരനായ അരുണാചലം മുരുകാനന്ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് പാഡ്മാന്‍. അക്ഷയ് കുമാറും രാധിക ആപ്‌തെയുമാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.