മദ്യത്തിലെ 'ആല്‍ക്കഹോള്‍' പരിധിയിലാക്കുന്നു; കുടിയന്‍മാര്‍ക്കായി പുതിയ നിര്‍ദ്ദേശങ്ങളും കുപ്പികളിലുണ്ടാവും

രാജ്യത്ത് വില്‍ക്കുന്ന വിവധ തരം മദ്യങ്ങളില്‍ “ആല്‍ക്കഹോള്‍ കണ്ടന്റിന്റെ” അളവ് ഭക്ഷ്യസുരക്ഷ അതോറിറ്റി ഏകീകരിക്കുന്നു. അതോടൊപ്പം തന്നെ വ്യത്യസ്ത വിഭാഗം മദ്യങ്ങളില്‍ “ആല്‍ക്കഹോള്‍ പരിധി” നിജപ്പെടുത്താനും അതോറിറ്റി തീരുമാനിച്ചു. ബിയര്‍,വൈന്‍,ബ്രാണ്ടി,നാടന്‍ ചാരായം, ജിന്‍, റം, വിസ്‌കി, വോഡ്ക എന്നിങ്ങനെ രാജ്യത്ത് വില്‍ക്കപ്പെടുന്ന എല്ലാത്തരം മദ്യങ്ങള്‍ക്കും അനുവദനീയമായ പരിധി നിശ്ചയിക്കുന്നതോടെ ഇതിന് ഏകീകൃത സ്വഭാവം കൈവരും. ഹോട്ട് ഡ്രിങ്ക്‌സില്‍ അടങ്ങിയിരിക്കുന്ന ഹെവി മെറ്റല്‍ ലിമിറ്റിനും അനുവദനീയ പരിധിയുണ്ടാകും.

ആരോഗ്യത്തിന് സുരക്ഷിതവും അനുയോജ്യവുമായ തരത്തില്‍ മദ്യം തിരഞ്ഞെടുക്കാനും ഉപയോഗിക്കാനും സഹായകരമാക്കി വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള ആല്‍ക്കഹോള്‍ അലേര്‍ട്ട് ഇന്ത്യയിലും നടപ്പാക്കുകയാണ് ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ ലക്ഷ്യം.

ആല്‍ക്കഹോള്‍ അലര്‍ട്ട് സംവിധാനം നിലവില്‍ വരുന്നതു വഴി ഇപ്പോള്‍ നടക്കുന്ന കൃത്രിമങ്ങള്‍ക്ക് അറുതി വരാന്‍ വഴി തുറക്കുകയാണ്. ബിയര്‍, ബ്രാന്‍ഡി, ലിക്കര്‍, റം, വിസ്‌കി, വോഡ്ക, വൈന്‍ തുടങ്ങിയ മദ്യങ്ങള്‍ക്ക് ഇനി നിശ്ചിത അള്‍ക്കഹോള്‍ അളവ് നിര്‍ണയിക്കപ്പെടും. ഇത് രേഖപ്പെടുത്തിയാല്‍ മാത്രമേ മദ്യം വിപണിയില്‍ വിറ്റഴിക്കാനാവു. ആല്‍ക്കഹോളിന്റെ അളവിനു പുറമേ മദ്യത്തിലടങ്ങിയിരിക്കുന്ന മറ്റ് ഘടകള്‍ക്കും സുരക്ഷിതകരമായ രീതിയില്‍ നിര്‍ണയിക്കപ്പെട്ട് നിയന്ത്രിക്കപ്പെടും. ഇവയ്ക്കു പുറമേ മദ്യം ആരോഗ്യത്തിന് ഹാനീകരം എന്ന മുന്നറിയിപ്പിന് പുറമേ, “സുരക്ഷിതരായിരിക്കുക, മദ്യപിച്ച് വാഹനമോടിക്കരുത്” എന്ന മുന്നറിയിപ്പും മദ്യകുപ്പികളില്‍ നല്‍കും.

ഇന്ത്യയില്‍ വാഹനാപകടങ്ങള്‍ പെരുകുന്നതിന് മുഖ്യ കാരണം മദ്യപിച്ചുള്ള ഡ്രൈവിംഗാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ച് വാഹനപകടങ്ങളില്‍ ഒന്ന് മദ്യപിച്ച് വാഹനമോടിക്കുന്നതിനാലാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

പുതിയ മാനദണ്ഡങ്ങള്‍ അനതരിപ്പിച്ച ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചെന്നും അവരുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ഭക്ഷ്യസുരക്ഷ അതോറിറ്റി സിഇഒ അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്നവയ്ക്ക് മാത്രമല്ല പുറം രാജ്യങ്ങളില്‍ നിന്ന് ഇറക്കു മതി ചെയ്യുന്നവയ്ക്കും പുതിയ നിബന്ധന ബാധകമായിരിക്കും.