ജമ്മു കാശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിനടുത്തുണ്ടായ മേഘ വിസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. 48 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചെറിയ സമയത്തിനുള്ളില്‍ വലിയ അളവില്‍ മഴപെയ്യുകയും ഇടിമിന്നലുണ്ടാവുകയുമായിരുന്നു. ഇതിനെത്തുടര്‍ന്ന് മിന്നല്‍ പ്രളയമുണ്ടായി.
മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അമര്‍നാഥ് ഗുഹയുടെ മുകളില്‍ നിന്നും വശങ്ങളില്‍ നിന്നുമുണ്ടായ കുത്തൊഴുക്കില്‍ നിരവധി പേര്‍ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തമുണ്ടായതിന് പിന്നാലെ ജൂണ്‍ 30ന് ആരംഭിച്ച അമര്‍നാഥ് തീര്‍ത്ഥാടനം നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
35ഓളം പേരെ കാണാതായെന്നും അഞ്ചു പേരെയെങ്കിലും രക്ഷപ്പെടുത്തിയെന്നും രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. ആറ് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രണ്ട് അഡീഷണല്‍ മെഡിക്കല്‍ ടീമിനേയും നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ദുരന്തബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും നരേന്ദ്രമോദി അറിയിച്ചു.
Read more
കാശ്മീര്‍ ആരോഗ്യ വിഭാഗത്തിലെ താത്കാലിക ജീവനക്കാരടക്കം എല്ലാവരുടേയും അവധി റദ്ദാക്കി വകുപ്പ് ഉത്തരവിറക്കി. എല്ലാവരുടേയും മൊബൈല്‍ ഫോണുകള്‍ മുഴുവന്‍ സമയവും സ്വിച്ച് ഓണ്‍ ആയിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.