ഇന്ത്യ- ചൈന സംഘര്‍ഷം: സാഹചര്യം മോശമായതിനാൽ ഇടപെടാമെന്ന് ട്രംപ്

ഇന്ത്യ-ചൈന തർക്കത്തിൽ പ്രശ്നപരിഹാരത്തിനായി ഇടപെടാൻ താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇന്ത്യ ചൈന അതിർത്തിയിലെ സാഹചര്യം വളരെ മോശമാണ്. ഇതിൽ ഇടപെട്ടു സഹായിക്കാൻ അമേരിക്ക താത്പര്യപ്പെടുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ചൈന ഇന്ത്യയെ സംഘർഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന ചോദ്യത്തിന്, അങ്ങനെ ഉണ്ടാവില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെങ്കിലും അതിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നു ട്രംപ് പറഞ്ഞു.

അതിനിടെ അതിര്‍ത്തിയിൽ സംഘര്‍ഷാവസ്ഥ  നിലനിൽക്കുന്നതിനിടെ ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ചൈനയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു കൂടിക്കാഴ്ച. രണ്ട് മണിക്കൂറും 20 മിനിറ്റും കൂടിക്കാഴ്ച നീണ്ടതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തേയുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം രാജ്നാഥ് സിംഗ് ആവർത്തിച്ചു. രാജ്നാഥ് സിംഗിനൊപ്പം ഡിഫൻസ് സെക്രട്ടറി അജയ് കുമാർ, ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവ, റഷ്യയിലെ ഇന്ത്യൻ അംബാസഡർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Read more

മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് മന്ത്രിതല ചര്‍ച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്‌ഹെ രാജ്‌നാഥ് സിങ്ങിനോട് സമയം ചോദിച്ചത്. ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. സൈനികപരിഹാരമല്ല നയതന്ത്ര പരിഹാരമാണ് ആവശ്യമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്നലെ പറഞ്ഞിരുന്നു.