തമിഴ്നാട്ടിലെ ” അമ്മ” വികാരം മുന്‍നിര്‍ത്തി മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്മരണാര്‍ഥം പത്രവും ചാനലും തുടങ്ങാന്‍ എ.ഐ.എ.ഡി.എം.കെ തീരുമാനം. “നാം അമ്മ” എന്ന പേരില്‍ മുഖപത്രവും “അമ്മ ടി.വി” എന്ന പാര്‍ട്ടി ചാനലും തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
എ.ഐ.എ.ഡി.എം.കെ സ്ഥാപകന്‍ എം.ജി.ആറിന്റെ ജന്മദിനമായ ജനുവരി 17 നോ അല്ലെങ്കില്‍ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 നോ “നാം അമ്മ പത്രം” പുറത്തിറക്കാനാണ് പാര്‍ട്ടി തീരുമാനം. ടെലിവിഷന്‍ ചാനല്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് പത്രത്തിന്റെയും ചാനലിന്റെയും ലക്ഷ്യമെന്ന് എ.ഐ.എ.ഡി.എം.കെ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാര്‍ട്ടിയുടെ എതിരാളികള്‍ക്ക് മറുപടി നല്‍കുന്നതിനും ഇവയെ ഫലപ്രദമായി ഉപയോഗിക്കും.
Read more
“നമതു എം.ജി.ആറി”ന്റെ മുന്‍ എഡിറ്ററായിരുന്ന മരുത് അളകുരാജാണ് നാം അമ്മ ദിനപത്രത്തിന്റെ എഡിറ്റര്‍. കഴിഞ്ഞ ആഗസ്ത് 28-ന് ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമെടുത്തത്. ജയ ടി.വിയും, നമതു എം.ജി.ആറും ഏറ്റെടുക്കാനുള്ള നിയമപരമായ പ്രശ്നമാണ് പുതിയ പത്രവും ടിവിയും തുടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് എ.ഐ.എ.ഡി.എം.കെ വക്താക്കള്‍ അറിയിച്ചു.