വിവാഹേതര ബന്ധം ഒരാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ല; ഗുജറാത്ത് ഹൈക്കോടതി

വിവാഹേതര ബന്ധം ഒരാളെ ജോലിയില്‍ നിന്നും പിരിച്ചുവിടാനുള്ള കാരണമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഇത്തരം പ്രവൃത്തികളെ സമൂഹം സദാചാര വിരുദ്ധമായാണ് കാണുന്നതെങ്കിലും ഒരാളുടെ ജോലി നഷ്ടപ്പെടുത്താനുള്ള കാരണമായി വിവാഹേതര ബന്ധത്തെ കാണാനാകില്ല എന്ന് കോടതി അറിയിച്ചു.

വിവാഹേതര ബന്ധത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ട പൊലീസുകാരനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2013ലാണ് കേസിനാസ്പദമായ സംഭവം. പിരിച്ചുവിട്ട പൊലീസുകാരെ തിരിച്ചെടുക്കാനും ഇക്കാലയളവില്‍ അയാള്‍ക്ക ലഭിക്കേണ്ട ശമ്പളത്തിന്റെ25 ശതമാനം നല്‍കാനും സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് സംഗീതാ വിശനാണ് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയത്.

അഹമ്മദാബാദിലെ ഷാഹിബാഗില്‍ താമസിക്കുന്ന പൊലീസ് കോണ്‍സ്റ്റബിളാണ് ജോലിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പരാതി നല്‍കിയത്. വീടിനടുത്തുള്ള ഒരു സ്ത്രീയുമായി ഇയാള്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. സത്രീയുടെ ബന്ധുക്കളാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉള്ളത് എന്ന് ഇരുവരും പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ സ്ത്രീയെ കോണ്‍സ്റ്റബിള്‍ ചൂഷണം ചെയ്യുകയാണെന്നും ഇയാളുടെ പ്രവൃത്തി പെരുമാറ്റച്ചട്ട ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ജോലിയില്‍ നിന്നും പിരിച്ച് വിടുകയായിരുന്നു. ഇതിനെതിരെ പൊലീസുകാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.