അനധികൃതമായി യമുനാ തീരത്ത് പണികഴിപ്പിച്ച ശിവക്ഷേത്രം പൊളിച്ച സംഭവത്തില്‍ ഇടക്കാലാശ്വാസ ഹര്‍ജി തള്ളി സുപ്രീംകോടതി. ഗീത കോളനിയ്ക്കും യമുന വെള്ളപ്പൊക്ക സമതലത്തിനും സമീപം നിര്‍മ്മിച്ച ക്ഷേത്രം ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പൊളിച്ചത്. ഡിഡിഎയുടെ നടപടിയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
മെയ് 29ന് പ്രാചീന്‍ ശിവ മന്ദിര്‍ അവാം അഖാഡ സമിതി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ശിവന് നമ്മുടെ സംരക്ഷണം ആവശ്യമില്ലെന്നും യമുനാതീരത്തെ കയ്യേറ്റം ഒഴിപ്പിച്ച് നദിയെ സുഗഗമായി ഒഴുകാന്‍ അനുവദിച്ചാല്‍ അത് ഭഗവാനെ കൂടുതല്‍ സന്തോഷിപ്പിക്കുമെന്നും ജസ്റ്റിസ് ധര്‍മേഷ് ശര്‍മ്മ വ്യക്തമാക്കിയിരുന്നു.
ക്ഷേത്രത്തിന് ചരിത്ര പ്രാധാന്യമുണ്ടെന്ന് വാക്കാല്‍ പറയുന്നതല്ലാതെ രേഖകള്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് വിഗ്രഹങ്ങളും പൂജാ സാമഗ്രികളും സ്ഥലത്ത് നിന്ന് നീക്കം ചെയ്യാന്‍ ഹര്‍ജിക്കാരായ സമിതിയ്ക്ക് 15 ദിവസത്തെ സമയവും കോടതി അനുവദിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇടക്കാലാശ്വാസ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീംകോടതിയില്‍ നിന്നും ഹര്‍ജിക്കാര്‍ക്ക് അനുകൂലമായ വിധിയുണ്ടായില്ല. ക്ഷേത്രം പുരാതന ശേഷിപ്പാണെന്ന് അവകാശപ്പെട്ട ഹര്‍ജിക്കാരോട് കോടതി രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അത്തരം രേഖകളൊന്നും കോടതിയിലെത്തിയില്ല.
Read more
തുടര്‍ന്ന് ഡിഡിഎ പൊളിച്ച ക്ഷേത്രം പുരാതന ക്ഷേത്രമല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പുരാതന ക്ഷേത്രങ്ങളെല്ലാം നിര്‍മ്മിച്ചത് പാറകള്‍ കൊണ്ടായിരുന്നു. സിമന്റും പെയിന്റും ഉപയോഗിച്ചല്ല പുരാതന ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നതെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ നിര്‍മ്മിച്ചവയെല്ലാം സമീപകാല ക്ഷേത്രങ്ങളായിരുന്നെന്നും കോടതി പറഞ്ഞു.