ആന്ധ്രാപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 17 പേര്‍ മരിച്ചു. നൂറോളം പേര്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. തിരുപ്പതിയില്‍ നൂറു കണക്കിന് തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുകയാണ്.
തിരുപ്പതിക്കടുത്തുള്ള സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകി. റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായത്. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ മഴ നിര്‍ത്താതെ പെയ്യുകയാണ്.
ചിറ്റൂര്‍, കടപ്പ, കുര്‍ണൂല്‍, അനന്തപൂര്‍ എന്നീ നാല് ജില്ലകളിലായാണ് വെള്ളപ്പൊക്കത്തില്‍ 17 പേര്‍ മരിച്ചത്. ചിറ്റൂരില്‍ നൂറുകണക്കിന് വീടുകള്‍ വെള്ളത്തില്‍ മുങ്ങുകയും വളര്‍ത്തുമൃഗങ്ങളും വാഹനങ്ങളും ഒഴുകിപ്പോവുകയും ചെയ്തു.പൊലീസ്, അഗ്‌നിശമന സേന എന്നിവയ്ക്ക് പുറമേ ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴോളം ടീമുകളെയും തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയട്ടുണ്ട്. നദീതീരത്തും ഗ്രാമങ്ങളിലും ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ ഹെലികോപ്ടറുകളും സജ്ജമാക്കി. കഴിഞ്ഞ ദിവസം മൂന്ന് ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചിരുന്നു. 18 പേരെ കാണാതായിട്ടുണ്ട്.
Read more
വെങ്കടേശ്വരക്ഷേത്രം, കപീലേശ്വരക്ഷേത്രം, ആഞ്ജനേയക്ഷേത്രം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. തിരുപ്പതിയിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും വഴിതിരിച്ചുവിട്ടിരിക്കുകയാണ്.