എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയുടെ ദേശീയ ഉപാദ്ധ്യക്ഷൻ; ടോം വടക്കൻ, രാജീവ് ചന്ദ്രശേഖർ ദേശീയ വക്താക്കൾ

ബി.ജെ.പിയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എ. പി അബ്ദുള്ളക്കുട്ടി പാർട്ടിയുടെ ദേശീയ ഉപാദ്ധ്യക്ഷനായി. 12 ഉപാദ്ധ്യക്ഷൻമാരാണ് പട്ടികയിലുള്ളത്. ടോം വടക്കൻ, രാജീവ് ചന്ദ്രശേഖർ എന്നിവരെ ദേശീയ വക്താക്കളായി നിയമിച്ചു. തേജസ്വി സൂര്യ ആണ് യുവമോർച്ചയുടെ പുതിയ അദ്ധ്യക്ഷൻ.

പാർട്ടിയിൽ 23 ദേശീയ വക്താക്കളാണുള്ളത്. അരവിന്ദ് മേനോൻ ദേശീയ സെക്രട്ടറിയാകും. പങ്കജാ മുണ്ഡെയും ദേശീയ സെക്രട്ടറി പട്ടികയിലുണ്ട്. 13 ദേശീയ സെക്രട്ടറിമാരാണുള്ളത്. രാം മാധവ്, മുരളീധർ റാവു എന്നിവർ ജനറൽ സെക്രട്ടറി പട്ടികയിൽ ഇല്ല. ബി. എല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. ഐ.ടി, സോഷ്യൽ മീഡിയ ചുമതലയില്‍ അമിത് മാളവ്യ തുടരും.

കുമ്മനം രാജശേഖരനെയും ശോഭാസുരേന്ദ്രനെയും ദേശീയതലത്തിൽ പരിഗണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. നേരത്തെ കെ സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തപ്പോള്‍ മുന്‍ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെയും ശോഭാസുരേന്ദ്രനെയും ദേശീയ തലത്തിലേക്ക് ഉയർത്താൻ സാദ്ധ്യത ഉണ്ടെന്ന് വാർത്തകൾ വന്നിരുന്നു.

Read more