'ഇന്ത്യാ സഖ്യത്തിന്റെ പേര് ഭാരത് എന്നാക്കിയാൽ രാജ്യത്തിന്റെ പേര് ബിജെപി എന്നാക്കുമോ'; കേന്ദ്രത്തോട് അരവിന്ദ് കെജ്രിവാൾ

ഇന്ത്യാ രാജ്യം 140 കോടി ജനങ്ങളുടേതാണ്, ഒരു പാർട്ടിയുടേതല്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ത്യയെ ഭാരത് എന്ന് പുനർനാമകരണം ചെയ്യുവാനുള്ള കേന്ദ്ര നീക്കത്തെ ശക്തമായി അരവിന്ദ് കെജ്രിവാൾ വിമർശിച്ചു. പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടതാണ് ബിജെപിയുടെ ഈ നീക്കത്തിന് കാരണമെന്നും കെജ്രിവാൾ ആരോപിച്ചു. പ്രതിപക്ഷ സഖ്യത്തിന് ‘ഭാരത്’ എന്ന് പേരിട്ടാൽ രാജ്യത്തെ ‘ബിജെപി’ എന്ന് വിളിക്കുമോ എന്നും കെജ്രിവാൾ ചോദിച്ചു.

‘പ്രതിപക്ഷ പാർട്ടികൾ ഒത്തുചേർന്ന് ഒരു സഖ്യമുണ്ടാക്കി ‘ഇന്ത്യ’ എന്ന് വിളിച്ചതുകൊണ്ട് മാത്രം കേന്ദ്രം രാജ്യത്തിന്റെ പേര് മാറ്റുമോ? രാജ്യം 140 കോടി ജനങ്ങളുടേതാണ്, ഒരു പാർട്ടിയുടേതല്ല. സഖ്യത്തിന്റെ പേര് നാളെ ഭാരത് എന്നാക്കിയാൽ അവർ രാജ്യത്തിൻ്റെ പേര് ബിജെപി എന്ന് മാറ്റുമോ?’ – വാർത്താ സമ്മേളനത്തിൽ ഡൽഹി മുഖ്യമന്ത്രി ചോദിച്ചു.

Read more

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം പരന്നതോടെ ശക്തമായ ഭാഷയിലാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം. സെപ്തംബര്‍ 9 ന് നടക്കുന്ന ജി20 അത്താഴ വിരുന്നിന് രാഷ്ട്രപതി ഭവനില്‍ നിന്നും അയച്ച ക്ഷണത്തില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് എഴുതിയിരുന്നതാണ് വിവാദങ്ങൾക്ക് വഴിവച്ചത്.