ജമ്മു കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടല്‍ ; ഒരു സൈനികനെ കാണാതായി; രണ്ട് പേര്‍ക്ക് പരിക്ക്

ജമ്മു കശ്മീരില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനെ കാണാതായി. രണ്ട് ദിവസങ്ങളായി അനന്ത്‌നാഗ് ജില്ലയില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മുവിലെ കൊകോരെനാഗിലെ വനത്തില്‍ നിന്ന് ഭീകരരെ ഒഴിപ്പിക്കുന്നതിനായി സൈന്യവും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഒരു സൈനികനെ കാണാതാകുകയും രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

കഴിഞ്ഞ ദിവസം ജമ്മുവില്‍ നടന്ന ഏറ്റുമുട്ടലില്‍ കരസേനയിലെ രണ്ട് സൈനികരും ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചു. കേണല്‍ മന്‍പ്രീത് സിംഗ്, മേജര്‍ ആശിഷ് ധന്‍ചോക്ക്, പൊലീസ് ഡപ്യൂട്ടി സൂപ്രണ്ടന്റ് മുസാമില്‍ ബട്ട് എന്നിവരാണ് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണത്തില്‍ ഇതുവരെയും കൃത്യമായ കണക്കുകള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല.

തീവ്രവാദികള്‍ക്കായുള്ള തിരച്ചിലിനൊടുവിലാണ് സൈന്യം കൊകോരെനാഗിലെ വനത്തില്‍ എത്തിച്ചേര്‍ന്നത്. ഏറ്റുമുട്ടലില്‍ സൈന്യത്തിന് കൂടുതല്‍ സഹായകരമായ ഹറോണ്‍ ട്രോണുകളും അത്യാധുനിക ആയുധങ്ങളും ഉപയോഗിക്കുന്നുണ്ട്. ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ശ്രീനഗറില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.