രാജ്യത്ത് റോഡപകടമരണങ്ങള്‍ കുതിക്കുകയാണെന്ന് മറ്റു രാജ്യങ്ങളുടെ മുന്നില്‍ തലകുനിക്കേണ്ട അവസ്ഥയാണെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ചുമതലയേല്‍ക്കുമ്പോള്‍ വാഹനാപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അപകടങ്ങള്‍ കൂടുകയാണുണ്ടായതെന്ന് ലോക്‌സഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു.
അന്താരാഷ്ട്രസമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മുഖം മറച്ചുപിടിക്കേണ്ട അവസ്ഥയാണെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പ്രതിവര്‍ഷം രാജ്യത്ത് 1.78 ലക്ഷം പേരാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്. ഇതില്‍ 60 ശതമാനവും 18-നും 34-നും ഇടയില്‍ പ്രായമുള്ളവരാണ്. അപകടങ്ങളില്‍ 13.13 ശതമാനവും ഉത്തര്‍പ്രദേശിലാണ്.
ഉത്തര്‍പ്രദേശില്‍ 2013-22 കാലയളവില്‍ 1.97 ലക്ഷം അപകടങ്ങളാണ് നടന്നത്. 1.65 ലക്ഷം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. കേരളത്തില്‍ ഇക്കാലയളവില്‍ 40,389 അപകടങ്ങളുണ്ടായി. അപകടത്തില്‍പ്പെടുന്നവര്‍ക്ക് നിശ്ചിതസമയത്തിനുള്ളില്‍ സൗജന്യചികിത്സ ലഭ്യമാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി മൂന്നുമാസത്തിനുള്ളില്‍ മുഴുവന്‍ സംസ്ഥാനത്തും നടപ്പാക്കും.
രാജ്യത്തെ റോഡ് അപകടങ്ങള്‍ക്കു കാരണം അച്ചടക്കമില്ലാത്ത ഡ്രൈവിങ്ങാണെന്നു കേന്ദ്ര മന്ത്രി പറഞ്ഞു. ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിനു മുംബൈയില്‍ രണ്ടു വട്ടം തന്റെ കാറിനും പിഴയിട്ടിട്ടുണ്ടെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. ശൂന്യവേളയില്‍ റോഡ് അപകടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകത്തിലെല്ലായിടത്തും വേഗത്തില്‍ വാഹനമോടിക്കുന്നുണ്ട്. വേഗമല്ല, യഥാര്‍ഥ പ്രശ്‌നം ‘ലെയ്ന്‍ അച്ചടക്കം’ പാലിക്കാത്തതാണ്. പാതയോരത്ത് ട്രക്ക് പാര്‍ക്ക് ചെയ്യുന്നതും പ്രശ്‌നമാണ്. റോഡ് അപകടങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ താന്‍ മുഖം ഒളിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം.
Read more
യുവാക്കളെ ട്രാഫിക് അച്ചടക്കം പഠിപ്പിക്കണം. കുട്ടികള്‍ക്കും ട്രാഫിക് നിയമങ്ങളുടെ പ്രാധാന്യം പറഞ്ഞുകൊടുക്കണം. നിയമലംഘനം തടയാന്‍ റോഡുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സഭാംഗങ്ങള്‍ അവരവരുടെ മണ്ഡലങ്ങളില്‍ ട്രാഫിക് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന മന്ത്രിയുടെ നിര്‍ദേശത്തെ പിന്തുണച്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, ജനങ്ങളെ റോഡ് നിയമങ്ങള്‍ പഠിപ്പിക്കേണ്ടത് എംപിമാരുടെ ഉത്തരവാദിത്വമാണെന്നു കൂട്ടിച്ചേര്‍ത്തു.